“വായനയുടെ നൂറ് ദിനങ്ങൾ” പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് സ്കൂളിൽ ‘വായനയുടെ നൂറ് ദിനങ്ങൾ ‘പദ്ധതിക്ക് തുടക്കമായി. വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികളും ശ്രീധരൻ പള്ളിക്കര സ്മാരക ഗ്രന്ഥാലയത്തിന്റെ അംഗത്വം ഏറ്റുവാങ്ങിക്കൊണ്ട് ‘വായനയുടെ നൂറ് ദിനങ്ങൾ ‘ പദ്ധതിക്ക് തുടക്കം കുറിച്ചു. ജൂൺ 20 മുതൽ സെപ്തംബർ 25 വരെയുള്ള നൂറ് ദിനങ്ങളിലായി കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, പ്രദേശവാസികൾ എന്നിവരെ ഉൾക്കൊള്ളിച്ച് വൈവിധ്യമാർന്ന നൂറോളം പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. നേരത്തെ 2018 ൽ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി ഈ വിദ്യാലയം മാറിയിരുന്നു. ഈ പദ്ധതിയുടെ തുടർച്ചയായാണ് വായനയുടെ നൂറ് ദിനങ്ങൾ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നാലാം ക്ലാസ് ലീഡർ ജി. ദിയക്ക് ലൈബ്രറി മെമ്പർഷിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എൻ.ടി.കെ. സീനത്ത് അധ്യക്ഷയായി. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, എസ്.പി.എസ്. ലൈബ്രറി പ്രസിഡണ്ട് കെ.പി. പ്രഭകാരൻ, സെക്രട്ടറി വി.വി. രാജൻ, പി.നൂറുൽ ഫിദ, എ. സദാനന്ദൻ, വി.ടി. ഐശ്യര്യ, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.


