വയനാടൻ മണ്ണ് വീണ്ടും പച്ചപുതക്കും: സഹായഹസ്തവുമായി യുവാക്കളുടെ കൂട്ടായ്മ
കൊയിലാണ്ടി: പ്രളയ പ്രവാഹത്തിൽ വേരറ്റുപോയ വയനാടൻ മണ്ണിലെ കൃഷിയിടം പച്ച പുതപ്പിക്കാൻ കൊയിലാണ്ടി കൊല്ലത്തെ യുവാക്കളുടെ കൂട്ടായ്മ. കെജെഎം കൾച്ചറൽ ബ്രിഡ്ജ് കൊല്ലം, മാനന്തവാടി നഗരസഭയുമായി ചേർന്ന് “വേഗം, അതിവേഗം, അതിജീവനം” എന്ന പദ്ധതിയാണ് കർഷകരെ വീണ്ടും മണ്ണിലേക്ക് ഇറക്കാൻ പ്രചോദിപ്പിക്കുന്നത്. കെജെഎം കൾച്ചറൽ ബ്രിഡ്ജ് വയനാട് ജില്ലയിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പദ്ധതി നടപ്പിലാക്കുന്നത്.
മാനന്തവാടി മുനിസിപ്പാലിറ്റിയിൽ മഹാപ്രളയം തകർത്തെറിഞ്ഞ കാർഷികമേഖലക്ക് ഉണർവേകാൻ പദ്ധതിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സകലതും നഷ്ടപ്പെട്ട വയനാട്ടിലെ കർഷർക്ക് കാപ്പി, വാഴക്കന്ന്, കുരുമുളക് തൈ,അടുക്കളതോട്ടം എന്നിവക്ക് പുറമേ അനുബന്ധ വളങ്ങളും കാർഷിക ഉപകരണങ്ങളും ശേഖരിച്ചു നൽകി. മാനന്തവാടിയിൽ നടന്ന പരിപാടിയിൽ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ ഡെപ്യൂട്ടി കളക്ടർ സി പി മേഴ്‌സി നിർവഹിച്ചു. മുൻ മന്ത്രി പി കെ ജയലക്ഷ്മി കർഷകർക്കുള്ള തൈകൾ വിതരണം ചെയ്തു.
ഡിവിഷൻ കൗൺസിലർ ഹുസൈൻ കുഴിനിലം അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭ രാജൻ, കൗണ്സിലർമാരായ ഷീജ ഫ്രാൻസിസ്, ജേക്കബ് സെബാസ്റ്റ്യൻ, മൊയ്‌ദു, കൊല്ലം മഹല്ല് സെക്രട്ടറി എം കെ അബ്ദുൽ ഗഫൂർ, കെ ജെ എം ബ്രിഡ്ജ് കൾച്ചറൽ സെന്റർ ഭാരവാഹികളായ അഡ്വ. മുഹമ്മദ് റാജിഫ്, വി വി നസീഫ്, ജംഷീർ ഹജർ, ടി വി നൗഫൽ എന്നിവർ സംസാരിച്ചു. കെജെഎം ബ്രിഡ്ജിനു വേണ്ടിയുള്ള സ്നേഹോപഹാരം മാനന്തവാടി ഡെപ്യൂട്ടി ചെയര്പേഴ്സൺ ശോഭാ രാജനിൽ നിന്നും കെജെഎം അംഗങ്ങൾ ഏറ്റു വാങ്ങി.
