KOYILANDY DIARY.COM

The Perfect News Portal

ലോകമെങ്ങും ക്രൈസ്തവർ ക്രിസ്മസ് ആഘോഷിക്കുന്നു

കൊച്ചി : ക്രിസ്തുദേവന്റെ തിരുപ്പിറവി ഓര്‍മ്മപുതുക്കി ലോകമെങ്ങും ക്രൈസ്തവർ  ക്രിസ്മസ് ആഘോഷിക്കുന്നു. ബേത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ചും ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനയും പ്രത്യേക ക്രിസ്മസ് ശുശ്രൂഷകളും നടന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും പാതിരാകുര്‍ബാനയും നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ വിവിധ പള്ളികളില്‍ നടന്ന പാതിരാകുര്‍ബാനകളില്‍ പങ്കെടുത്തു
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന പാതിരാകുര്‍ബാനയ്ക്ക് ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ക്രിസ്തുദാസ് നേതൃത്വം നല്‍കി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവ നേതൃത്വം നല്‍കി.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ പാതിരാകുര്‍ബാനയ്ക്ക് വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്ബിലും നേതൃത്വം നല്‍കി. ആഘോഷങ്ങളിലെ ആര്‍ഭാടം ഒഴിവാക്കണമെന്ന് ആര്‍ച്ച്‌ ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്ബില്‍ വിശ്വാസികളോട് ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
രവൃശേൊമെ
കോതമംഗലം മര്‍ത്തമറിയം ദേവാലയത്തില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവയും തൃശൂര്‍ കുന്നംകുളം പള്ളിയില്‍ ക്രിസ്മസ് കുര്‍ബാനയില്‍ ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കതോലിക്കാ ബാവയും മുഖ്യകാര്‍മ്മികരായി.
കോഴിക്കോട് ദേവമാതാ ദേവാലയത്തില്‍ കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കലും താമരശ്ശേരി മേരി മാതാ ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് താമരശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചിനാനിയിലും നേതൃത്വം നല്‍കി. മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം മുഖ്യകാര്‍മ്മികനായി.

Share news

Leave a Reply

Your email address will not be published. Required fields are marked *