ലോക കേരളസഭയില്‍ 351 അംഗങ്ങള്‍

തിരുവനന്തപുരം: നിയമസഭയില്‍ 12നും 13നും ചേരുന്ന പ്രഥമ ലോക കേരളസഭയില്‍ ആകെ 351 അംഗങ്ങളുണ്ടാകും. കേരളത്തിനകത്തും പുറത്തും വസിക്കുന്ന ഇന്ത്യന്‍ പൌരന്മാരുടെ പ്രഥമ പൊതുവേദി എന്ന നിലയില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക്സഭാ അംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടവരും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര് അംഗങ്ങളായിരിക്കും.

പുറമെ ഇന്ത്യന്‍ പൌരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധാനംചെയ്ത് 177 അംഗങ്ങളെ കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഇതില്‍ 42 പേര് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരും 100 പേര് വിദേശരാജ്യങ്ങളില്‍നിന്നുള്ളവരും അഞ്ചുപേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരും ആയിരിക്കും. വിവിധമേഖലകളിലുള്ള 30 പ്രമുഖ വ്യക്തികളെയും നാമനിര്‍ദേശം ചെയ്യും.

സഭാ നേതാവ് സംസ്ഥാന മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമാണ്. ചീഫ് സെക്രട്ടറിയാണ് സഭാ സെക്രട്ടറി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആയിരിക്കും.

