രാജിവെച്ച നടിമാരെ തിരിച്ചെടുക്കില്ല; ഡബ്ല്യുസിസിക്കെതിരെ സിദ്ദിഖ്

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ (ഡബ്ല്യുസിസി) നടീനടന്‍മാരുടെ സംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി സിദ്ദിഖ് രംഗത്ത്.
കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് ഡബ്ല്യുസിസി നടത്തിയ വിമര്‍ശനങ്ങളില്‍ പലതും ബാലിശമാണെന്ന് കുറ്റപ്പെടുത്തിയ സിദ്ദിഖ് നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് ഒക്ടോബര്‍ 10ന് രാജിക്കത്ത് കൈമാറിയതായും സ്ഥിരീകരിച്ചു. തന്റെ പേരില്‍ സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടാകേണ്ടെന്നു പറഞ്ഞാണു ദിലീപ് രാജിക്കത്ത് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെടുന്നതെന്നും എന്നാല്‍ അതിന്റെ പേരില്‍ ദിലീപിനെതിരെ നടപടി എടുക്കാനാകില്ലെന്നും സിദ്ദിഖ് പറഞ്ഞു.

ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുത്തതാണ്. എന്നാല്‍ 280 പേര്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗം ആ തീരുമാനം മരവിപ്പിക്കുകയായിരുന്നു. കോടതി ഇക്കാര്യത്തില്‍ അന്തിമവിധി പ്രഖ്യാപിച്ച ശേഷം ദിലീപിനെ സസ്‌പെന്‍ഡ് ചെയ്താല്‍ മതിയെന്നാണ് അമ്മയുടെ തീരുമാനമെന്നും സിദ്ദിഖ് വ്യക്തമാക്കി.

