രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് പ്രൗഢ തുടക്കം

കോഴിക്കോട്: കേരളം ഹൃദയം നൽകി വരവേറ്റ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് കോഴിക്കോട് പ്രൗഢ തുടക്കം. ചരിത്ര സ്മരണകൾ തുടിക്കുന്ന കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ആകർഷകമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മുതലക്കുളത്ത് നിന്നാരംഭിച്ച ഘോഷയാത്ര ബീച്ചിൽ സമാപിച്ചു. പ്രാദേശിക കലാരൂപങ്ങളും മുത്തുക്കുടകളും വാദ്യമേളങ്ങളും മിഴിവേകി. ഉദ്ഘാടന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവർകോവിൽ വീഡിയോ കോൺഫറൻസ് വഴി മുഖ്യപ്രഭാഷണം നടത്തി.

എം.എൽ.എമാരായ കെ. പി. കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, കെ. എം. സച്ചിൻദേവ്, ഡെപ്യൂട്ടി മേയർ സി. പി. മുസാഫർ അഹമ്മദ്, ജില്ലാ ഡെവലപ്പ്മെന്റ് കമീഷണർ അനുപം മിശ്ര, പബ്ലിക് റിലേഷൻസ് റീജിണൽ ഡെപ്യൂട്ടി ഡയരക്ടർ സി അയ്യപ്പൻ എന്നിവർ സംസാരിച്ചു. കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി സ്വാഗതവും, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പ് വേദിയിൽ അനീഷ് മണ്ണാർക്കാടും സംഘവും അവതരിപ്പിച്ച നാടൻ കലകളും അരങ്ങേറി.


