KOYILANDY DIARY.COM

The Perfect News Portal

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കൊല്ലം:പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്കും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അടുത്ത 25 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ജാമ്യവും പരോളും നല്‍കരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 15-നാണ് രഞ്ജിത്ത് ജോണ്‍സണിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയി കൊന്ന് കുഴിച്ചു മൂടിയത്. കേസിലെ എട്ടാം പ്രതിയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ കോടതി വെറുതെ വിട്ടിരുന്നു.

2018 ആഗസ്റ്റില്‍ നടന്ന കൊലപാതകത്തില്‍ കേസിലെ അദ്യ പ്രതി അറസ്റ്റിലായി 82 ആം ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം നടന്ന് ഒരു വര്‍ഷത്തിനകം തന്നെ കേസില്‍ വിധിയും വന്നു എന്ന അപൂര്‍വ്വതയും ഈ കേസിനുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക അനുമതി വാങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കിളിക്കൊല്ലൂര്‍ എസ്‌ഐ അനില്‍ കുമാറെ അന്വേഷണ ചുമതലയില്‍ പൊലീസ് നിലനിര്‍ത്തിയത്. എസ്.ഐ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തേയും കേസ് വാദിച്ച പ്രോസിക്യൂഷനേയും കോടതി പ്രത്യേകം അനുമോദിച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 15 നാണ് രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച്‌ മൂടിയത്. അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. കേസിലെ മുഖ്യ പ്രതിയായ മനോജ് എന്ന പാമ്ബ് മനോജിന്‍റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകനെ കാണാനില്ലെന്ന് കാണിച്ച്‌ രഞ്ജിത്തിന്‍റെ അമ്മ ട്രീസ കിളിക്കൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ കേസ് അന്വേഷണം ആരംഭിക്കുന്നത്.

Advertisements

രഞ്ജിത്തിനെ തട്ടിക്കൊണ്ടു പോയതാണെന്ന് മനസ്സിലാക്കിയ പൊലീസ് പ്രതികളെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വച്ചു പിടികൂടി. വീട്ടില്‍ പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ രഞ്ജിത്തിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പരവൂര്‍, നെടുങ്ങോലം എന്നിവിടങ്ങളില്‍ കൊണ്ട് പോയി മര്‍‍ദ്ദിച്ച്‌ കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം തിരുനല്‍വേല്ലിക്ക് അടുത്തുള്ള സമുന്ദാപുരത്ത് എത്തിച്ച്‌ ക്വാറി വേസ്റ്റുകള്‍ക്കിടയില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയത്. പാമ്ബ് മനോജിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗം സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. അന്വേഷണത്തിനിടെ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രധാന പ്രതി ഉണ്ണിയെ ഷാഡോ സംഘം സാഹസികമായി പിടികൂടിയത്. പ്രതികള്‍ക്കെതിരെ 225 രേഖകളും 26 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

ശക്തമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കേസിലെ പ്രതികളെല്ലാം. പാമ്ബ് മനോജും ഉണ്ണിയും ആണ് രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ വേണ്ട ആസൂത്രണം നടത്തിയത്. വിചാരണ നടപടികളിലും വിധി പ്രസ്താവ ദിനത്തിലും യാതൊരു കൂസലും ഇല്ലാതെയാണ് പ്രതികളെല്ലാം കോടതിയില്‍ എത്തിയത്. കോടതിയ്ക്ക് പുറത്തു വച്ച്‌ മാധ്യമങ്ങളേയും പൊലീസ് ഉദ്യോഗസ്ഥരേയും നാട്ടുകാരേയും ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികളുടെ ഈ ക്രിമിനല്‍ സ്വഭാവം വിചാരണയില്‍ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചതാണ് പരോള്‍ പോലും നല്‍കാതെയുള്ള ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിക്കുന്നതിന് വഴി തെളിയിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *