യുഡിഎഫ് കോഴക്കുരുക്കില്‍; ചിത്രത്തിലില്ലാതെ ബിജെപി

നാമനിര്‍ദേശ പത്രികയിലെ സൂക്ഷ്മപരിശോധനകൂടി കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തീപാറുന്ന ഘട്ടത്തിലേക്ക് കടന്നു. ദേശീയരാഷ്ട്രീയവും വികസനവും മൂര്‍ച്ചയോടെ വിഷയമാക്കി മുന്നേറാന്‍ എല്‍ഡിഎഫും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ജീവവായുതേടി യുഡിഎഫും എല്ലാമണ്ഡലങ്ങളിലും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. പ്രചാരണം ഉച്ചസ്ഥായിയിലേക്ക് കടന്നിട്ടും പല മണ്ഡലങ്ങളിലും ഇപ്പോഴും സജീവമാകാന്‍ കഴിയാത്ത അവസ്ഥയിലാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ. കോഴക്കുരുക്കിലായ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെ പ്രതിരോധിക്കാനാകാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിറളിപൂണ്ടതാണ് വെള്ളിയാഴ്ച കാണാന്‍ കഴിഞ്ഞത്. അഞ്ചുകോടി രൂപ ഇങ്ങനെ വച്ചുകൊണ്ടിരിക്കുകയാണോ എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ചോദ്യം.
ഒളിക്യാമറ ഓപ്പറേഷന് സിപിഐ എമ്മിന്റെ ഗൂഢാലോചനയെന്നു പറഞ്ഞ് തടിതപ്പാനാണ് ചെന്നിത്തല ശ്രമിച്ചത്. തെളിയിക്കാനുള്ള സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതുമില്ല. കോഴവിവാദം വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കും. രാഘവന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിട്ടുണ്ടെങ്കിലും ചട്ടലംഘനം തെളിഞ്ഞാല്‍ പത്രിക തള്ളാനും മുന്‍കാലപ്രാബല്യത്തോടെ നടപടിയെടുക്കാനും കമീഷന് നിര്‍ബന്ധിതമാകും. രാഹുലിന്റെ വരവോടെ ആര്‍ജിതമായ ഉത്സാഹം കോഴവിവാദം ചോര്‍ത്തിയെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം.

രാഹുലിന്റെ സൗജന്യംവേണ്ട
സിപിഐ എമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുലിന്റെ നിലപാടിന് മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എസ് രാമചന്ദ്രന്‍പിള്ള എന്നിവര്‍ ചുട്ടമറുപടിയാണ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ‘ആ സൗജന്യം’ വേണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

‘ഒന്നും പറയാനില്ലെന്നാണ് രാഹുല്‍ പറയുന്നത്. പിന്നെ എന്താണ് പറയാനുള്ളത്. ഒരു മണ്ഡലത്തിലല്ല ഞങ്ങള്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്. ഇതില്‍ വയനാടും ഉള്‍പ്പെടുന്നു. ഒരു വ്യത്യാസവുമില്ല.’ മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ഒന്നും പറയാനില്ലെങ്കിലും ഞങ്ങള്‍ക്ക് പറയാന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു. ഇടതുപക്ഷം ശക്തമായി തിരിച്ചടി നല്‍കുമെന്ന ബോധ്യത്തില്‍നിന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.
‘ഞങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന്റെ ജനവിരുദ്ധനയവും വിശ്വാസ്യതയില്ലായ്മയും തുറന്നുകാട്ടുകതന്നെ ചെയ്യും’– കോടിയേരി മുന്നറിയിപ്പ് നല്കി. പടക്കളത്തില്‍നിന്ന് ഒളിച്ചോടിയ ആള് എങ്ങനെയാണ് പടനായകനാകുന്നതെന്ന ചോദ്യമാണ് എസ് രാമചന്ദ്രന്‍പിള്ള ഉയര്‍ത്തിയത്.
കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള രഹസ്യധാരണയെന്ന പതിവ് ആക്ഷേപവുമായി ബിജെപി രംഗത്തുവന്നു. അതേസമയം, അഞ്ച് മണ്ഡലങ്ങളിലെ ‘കോലിബി’ സഖ്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം.
