യാങ്റോയ് ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന 13 അംഗ സംഘത്തിലെ നാല് കുട്ടികളെ പുറത്തെത്തിച്ചു
ബാങ്കോക്: രണ്ടാഴ്ചയായി വടക്കന്‍ തായ്ലന്ഡിലെ യാങ്റോയ് ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന 13 അംഗ സംഘത്തിലെ നാല് കുട്ടികളെ പുറത്തെത്തിച്ചു. ഒമ്ബത് മണിക്കൂര്‍ നീണ്ട അടിയന്തര രക്ഷാദൗത്യത്തിന് ഒടുവിലാണിത്. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ചിയാങ് റായ് ആശുപത്രിയിലെത്തിച്ച് ഒന്നാം രക്ഷാദൗത്യം നിര്‍ത്തി. പത്തുമണിക്കൂറിനുശേഷം തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കും. 12 കുട്ടികളും ഫുട്ബോള്‍ പരിശീലകനും അടങ്ങുന്ന സംഘം ജൂണ്‍ 23 നാണ് ഗുഹയില്‍ കുടുങ്ങിയത്.
ഞായറാഴ്ച രാവിലെ പത്തിനാണ് കുട്ടികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചത്. 13 അംഗ രാജ്യാന്തര നീന്തല്സംഘവും അഞ്ച് തായ് മുങ്ങല്‍വിദഗ്ധരും അടക്കം 18 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. നാലു സംഘങ്ങളായാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെ ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചതോടെ രക്ഷാദൗത്യം വിജയമാകുന്നതിന്റെ സൂചന ലഭിച്ചു. പിന്നാലെ മൂന്നു കുട്ടികളെയും. അവശേഷിക്കുന്ന കുട്ടികളും കോച്ചും പുറത്തേക്കുള്ള വഴിയിലാണ് . കോച്ച് അവസാനത്തെ സംഘത്തിനൊപ്പമാണ്. ആരോഗ്യനില വഷളായ കുട്ടികളെയാണ് ആദ്യം കൊണ്ടുവന്നത്. കുട്ടികളുടെ ആരോഗ്യനില വിലയിരുത്തി ഓസ്ട്രേലിയന്‍ ഡോക്ടര്‍മാരുടെ സംഘം പട്ടിക തയ്യാറാക്കിയിരുന്നു. ഗുഹാമുഖത്തിനടുത്ത് ആംബുലന്‍സുകളും എയര്‍ ആംബുലന്‍സുകളും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഒരുക്കി.

ഓരോ കുട്ടിക്കുമൊപ്പം മുങ്ങല്‍വിദഗ്ധനും നീന്തുന്ന ബഡ്ഡി ഡൈവും എന്ന രീതിയാണ് രക്ഷാപ്രവര്‍ത്തനത്തിന് സ്വീകരിച്ചത്. നീന്തല്‍ വസ്ത്രങ്ങളും ഓക്സിജന്‍ മാസ്കും ധരിപ്പിച്ചാണ് കുട്ടികളെ പുറത്തെത്തിച്ചത്. നീന്തലറിയാത്ത കുട്ടികള്‍ക്ക് സഹായത്തിനായി വെള്ളത്തിനടിയില്‍ കയറുമിട്ടു. വെള്ളത്തിനടിയിലൂടെ എങ്ങനെ നീങ്ങണമെന്ന് കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് പരിശീലനം നല്കി. തായ്ലന്ഡ് നേവിയുടെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. കനത്ത മഴ കാരണം ഗുഹയ്ക്കുള്ളില്‍ വന്‍തോതില്‍ വെള്ളം കയറിയതാണ് ആദ്യദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത്.

മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് താഴ്ന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഗുഹയ്ക്കുള്ളിലേക്ക് കടക്കാനും കുട്ടികളെ പുറത്തെത്തിക്കാനും ഉചിത സമയം ആണെന്ന് ഞായറാഴ്ച രാവിലെയോടെ വിലയിരുത്തുകയും അന്തിമദൗത്യത്തിനുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. രാവിലെ ഗുഹാപരിസരത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ ഒഴിപ്പിച്ചു. ഗുഹയ്ക്കുള്ളില്‍ വായുസഞ്ചാരം കുറവായതിനാല്‍ ഓക്സിജന്‍ ടാങ്കുകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസംമുട്ടി ഒരാള്‍ മരിച്ച സാഹചര്യംകൂടി കണക്കിലെടുത്തായിരുന്നു ഇത്. ഞായറാഴ്ചത്തെ രക്ഷാപദ്ധതിയെക്കുറിച്ച് കുട്ടികളുടെ കുടുംബങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നു.




