മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോര്‍ജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത കൂടുതല്‍ പേരെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു. അതേസമയം കേസില്‍ അറസ്റ്റിലായ ഹോട്ടലുടമ റോയി ജെ വയലാട്ടുള്പ്പടെ ഉള്ള പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ജില്ലാ ക്രൈം ബ്രാഞ്ചിനു കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറാനാണ് തീരുമാനം. ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജ് അന്വേഷണത്തിന് നേതൃത്വം നല്‍കും. അപകടം നടന്ന രാത്രി ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി സി പി ഐശ്വര്യ ഡോങ്റെ പറഞ്ഞു.


മോഡലുകള്‍ സഞ്ചരിച്ച കാറിനെ നിരീക്ഷിക്കാന്‍ ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിനെ വിട്ടത് താനാണെന്ന് റോയ് വയലാട്ട് മൊഴി നല്‍കിയിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് അപകടമാണെന്നും, യാത്ര ഒഴിവാക്കാനും മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചു യാത്ര തുടര്‍ന്നതിനാലാണ് സൈജുവിനെ ഇവര്‍ക്ക് പിന്നാലെ അയച്ചതെന്നാണ് റോയിയുടെ മൊഴി. നിലവില്‍ ഓഡി കാറില്‍ പിന്തുടര്‍ന്ന സൈജുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായിട്ടില്ല. ഇതേതുടര്‍ന്ന് സൈജുവിന് നോട്ടീസ് നല്കി വിളിപ്പിക്കുമെന്നും ഡിസിപി ഐശ്വര്യ ഡോങ് റെ പറഞ്ഞു.


