മെറ്റൽ ലോഡിംഗ്: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് പൊടിപൂരം

കൊയിലാണ്ടി: യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതം വിതച്ച് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് മെറ്റൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് എന്ത് പരിഹാരം ?. വേനൽ കടുത്തതോടെയാണ് പൊടിശല്യം രൂക്ഷമായി തുടരുന്നത്. റെയിൽവെ സ്റ്റേഷന്റെ തൊട്ടു മുമ്പിലുള്ള റെയിൽവെ സ്ഥലത്തുതന്നെയാണ് വലിയ ലോറികളിൽ ജെ.സി.ബി. ഉപയോഗിച്ച് മെറ്റൽ കയറ്റുന്നത്. ഒഴിഞ്ഞ പ്രദേശമായതിനാൽ ഇവിടെ സദാസമയവും ശക്തമായ കാറ്റുണ്ടാവുക പതിവാണ്. ജെ.സി.ബി. ഉപയോഗിച്ച് കോരി നിറയ്ക്കുമ്പോഴാണ് മെറ്റലിലെ പൊടിപാറി വലിയ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നത്.

ഇത് സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്നവർക്കും സമീപ റോഡിലൂടെ യാത്ര ചെയ്യുന്നവർക്കും താമസക്കാർക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. കൂടാതെ വസ്ത്രങ്ങൾ അലക്കി ഉണക്കാൻ വെച്ചാൽ തുണികളുടെ കളറ് മാറുന്നതും സ്വാഭാവികമാണ്. പ്രത്യേകിച്ച് വെള്ള തുണികൾ. കൂടാത്തതിന് പാറപ്പൊടി ശ്വസിച്ചു കഴിഞ്ഞാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല. വിഷയം റെയിൽവെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും വെള്ളം അടിച്ചശേഷം ഇത്തരം ജോലികൾ തുടർന്നാൽ നാട്ടുകാരുടെ വലിയ പരാതിക്ക് പരിഹാരം ഉണ്ടാകുമെന്നുമാണ് ജനങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നത്.


