മെഡിക്കല്‍ കോളേജിലെ എക്കോ കാര്‍ഡിയോളജി ലാബ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ പുതിയ എക്കോ കാര്‍ഡിയോളജി ലാബിലെ കാര്‍ഡിയോളജി മെഷീന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് (കെ.എച്ച്.ആര്.ഡബ്ല്യു.എസ്.) ഒരു കോടി രൂപ ചെലവിട്ട് സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്കില്‍ പുതിയ മെഷീന് സ്ഥാപിച്ചത്.
ഹൃദയചികിത്സയ്ക്കായി കാര്‍ഡിയോളജി വിഭാഗത്തിലേക്കായി സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്കിലെ താഴെനിലയിലാണ് എപിക്-7 എന്ന ഉപകരണം സ്ഥാപിച്ചിട്ടുള്ളത്. അള്‍ട്രാ സൗണ്ട് ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണിത്. നിലവില്‍ രണ്ട് ഉപകരണങ്ങള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്ഡിയോളജിവിഭാഗത്തില് നല്ല തിരക്കായതിനാല്‍ രണ്ട് ഉപകരണങ്ങളുടെയും പ്രവര്‍ത്തനം പലര്‍ക്കും ഉപകാരപ്രദമാവാറില്ല.

ഇതുവരെ 40 പേര്‍ക്ക് പരിശോധന നടത്താമെങ്കില്‍, പുതിയതിലൂടെ 70 പേരെ ഒരു ദിവസം പരിശോധിക്കാം. 400 രൂപയാണ് ചെലവ്. പുറത്ത് ഇതിന് 1000 മുതല്‍ 1500 രൂപ വരെയാണ് ഈടാക്കുന്നത്. ഒരുവര്‍ഷത്തിനകം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ 150 കോടിയിലേറെ രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തതായി മന്ത്രി പറഞ്ഞു. ഇ.എന്‍.ടി. വിഭാഗത്തിലുള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ അടുത്തിടെ വാങ്ങി. കാത്ത് ലാബ് സ്ഥാപിക്കുന്നതിന് അനുമതിയായിട്ടുണ്ട്.

ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ., കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോംനാഥ്, സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി സൂപ്രണ്ട് ഡോ. കെ.എം. കുര്യാക്കോസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് കെ.ജി. സജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

