മൃതദേഹാവശിഷ്ടം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: പരവൂര്‍ തെക്കുംഭാഗം കടല്‍ തീരത്ത് മൃതദേഹാവശിഷ്ടം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തെക്കുംഭാഗം പുത്തന്‍പള്ളിക്ക് പിന്നിലായുള്ള കടല്‍ത്തീരത്താണ് സ്ത്രീയുടെതെന്ന് കരുതുന്ന അഴുകിയ മൃതദേഹ അവശിഷ്ടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ മൂന്നുപേര്‍ കാറില്‍ ഇവിടെയെത്തി ചാക്കുകെട്ട് ഉപേക്ഷിച്ചത് കണ്ടതായി പ്രദേശവാസികള്‍ പറയുന്നു.
കോഴിവേസ്റ്റ് ആണെന്നുള്ള ധാരണയില്‍ ആദ്യം നോക്കാതെ ഇരുന്നെങ്കിലും രാത്രിയോടുകൂടി ഇതുവഴി പോയ ആരോ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ മൃതദേഹാവശിഷ്ടം ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചാക്കുകെട്ട് അഴിച്ച് പരിശോധന നടത്തി. സ്ത്രീയുടെ മൃതദേഹം ആണെന്നും സൂചനയുണ്ട്. രാത്രിയില്‍ പോലീസ് കാവലില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ തുടര്‍ പരിശോധന നടത്തി.

പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന്റെ അരയ്ക്കു മുകള്‍വശം പൂര്‍ണമായും അഴുകി ദ്രവിച്ച നിലയിലാണ്. കാലുകളും ഒരു കൈയും മാത്രമാണ് മനുഷ്യശരീരമാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ പി കെ മധു ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ് എന്നിവര്‍ സ്ഥലത്തെത്തി. പരവൂര്‍ പോലീസിനെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.

