മൂന്നു വയസുകാരന് ക്രൂരമര്‍ദ്ദനം; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: ആലുവയില്‍ മൂന്നു വയസുകാരന് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. ഗുരുതര പരുക്കുകളോടെ ഇന്നലെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
ശരീരത്തിലെ മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന് ഉണ്ടായതാണെന്ന നിഗമനത്തിലാണ് മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തത്. വീടിന്റെ ടെറസില്‍ നിന്ന് വീണു പരുക്കേറ്റു എന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്.

തലച്ചോറിന് ഗുരുതര പരുക്കേറ്റ കുഞ്ഞിന് ഇന്നലെ രാജഗിരി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. പശ്ചിമ ബംഗാള്‍ സ്വദേശികള്‍ ആണിവര്‍.

