മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് നിയമമില്ല; എംഇഎസിന് പിന്തുണയുമായി കേരള നദ്വത്തുല് മുജാഹിദ്ദീന്‍

കോഴിക്കോട്: മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയ എം.ഇ.എസിന് പിന്തുണയുമായികേരള നദ്വത്തുല് മുജാഹിദ്ദീന്‍. മുസ്ളീം സ്ത്രീകള്‍ മുഖം മറക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നില്ല. ഇപ്പോഴത്തേത് അനാവശ്യ വിവാദമെന്ന് പ്രസിഡണ്ട് ടി പി അബ്ദുള്ള കോയ മദനി പറഞ്ഞു. ഹജ്ജ് കര്‍മ്മം നടത്തുമ്പോള്‍ പോലും സ്ത്രീകള്‍ മുഖം മറക്കാറക്കരുതെന്നാണ് ഇസ്ലാമിക നിയമമെന്നും ടി പി അബ്ദൂള്ള കോയ മദനി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ അറിയിച്ചു. അടുത്ത അധ്യായന വര്‍ഷം മുതല്‍ എംഇഎസിന്റെ ഉടമസ്ഥതയിലുള്ള കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ എംഇഎസിന്റെ സര്‍ക്കുലറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ കെ സുന്നി വിഭാഗം രംഗത്തെത്തി.മുസ്ലീം വിഭാഗത്തിന്റെ വ്യക്തിത്വം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് എംഇഎസിന്റേതെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ് കുറ്റപ്പെടുത്തി.

മതേതരവാദിയാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറെന്നും സമസ്ത ആരോപിച്ചു. മുഖം മറക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ചുതന്നെ ക്യാമ്ബസിലെത്തുമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

