മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ ലോക്സഭാ സ്പീക്കറും സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89|അന്തരിച്ചു.കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും രാവിലെ അന്തരിക്കുകയായിരുന്നു.
കഠിനമായ ശ്വാസതടസത്തെത്തുടര്‍ന്ന് വീട്ടില്‍നിന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് കൂടുതല്‍ ഗുരുതരമാകുകയായിരുന്നു. ജൂണ്‍ അവസാനവാരത്തില്‍ മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സോംനാഥ്ചാറ്റര്ജി ആരോഗ്യാവസ്ഥ അല്പം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുന്‍പാണ് വീട്ടിലെത്തിയത്.

പത്തു തവണ സിപിഐ എമ്മിന്റെ ലോക് സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.1971ലാണ് ആദ്യമായി ലോക്സഭയില്‍ എത്തുന്നത്.
2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇദ്ദേഹം ലോക് സഭാ സ്പീക്കറായിരുന്നത്. 1968 മുതല്‍ സിപിഐ എം അംഗമായിരുന്ന സോമനാഥിനെ 2008 ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക് സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നു കാരണം.

അസമിലെ തേജ്പൂരില്‍ 1929ലാണ് സോമനാഥ് ചാറ്റര്‍ജിയുടെ ജനനം. അച്ഛന് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി, അമ്മ: ബീണാപാണി ദേവി. ഭാര്യ: രേണു ചാറ്റര്‍ജി. മക്കള്‍ : പ്രതാപ് ചാറ്റര്‍ജി, അനുരാധ, അനുഷില.
കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജ്, കല്‍ക്കത്ത യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് ജീസസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

