മുത്തൂറ്റിലെ തൊഴില്‍പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ട്: മുഖ്യമന്ത്രി

മുത്തൂറ്റിലെ തൊഴില്‍പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ടെന്നും തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പ്രതിഛായയെ മുത്തൂറ്റ് സമരം ബാധിക്കുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു വിഭാഗങ്ങളും പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. പ്രശ്നം ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. വളരെ പ്രമുഖരായ വ്യക്തികള്‍ ബന്ധപ്പെട്ടു.

തൊഴില്‍ മന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗത്തിനെത്താന്‍ മുത്തൂറ്റ് പ്രതിനിധികളോടു പറയണമെന്നും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തിന് ഉത്തരവാദിത്തപ്പെട്ടവര്‍ എത്തിയില്ല.

ദേശീയതലത്തില്‍ ശ്രദ്ധ നേടിയ സ്ഥാപനമാണ് മുത്തൂറ്റ്. കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന സ്ഥാപനം. പ്രശ്നം രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
തൊഴിലാളികളുടെ താത്പര്യം കൂടി സംരക്ഷിക്കപ്പെടണം. കേരളത്തിന്റെ പ്രത്യേക തൊഴില്‍ സാഹചര്യം കൂടി കണക്കിലെടുക്കണം. തൊഴിലാളികളും മാനേജ്മെന്റും തമ്മില്‍ നല്ല ബന്ധം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
