മുടവന്തേരിയില്‍ വീട് നിര്‍മ്മാണത്തിടയില്‍ 14 സ്റ്റില്‍ ബോംബുകള്‍ കണ്ടെത്തി
നാദാപുരം: തൂണേരി പഞ്ചായത്തിലെ മുടവന്തേരിയില്‍ വീട് നിര്‍മ്മാണത്തിടയില്‍ 14 സ്റ്റില്‍ ബോംബുകള്‍ കണ്ടെത്തി. തൂണേരിയിലെ പുതുശ്ശേരി ചന്ദ്രിയുടെ വീട് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി തറ കെട്ടുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് പ്ലാസ്റ്റിക്ക് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. തൊഴിലാളികള്‍ മണ്ണ് നീക്കുന്നതിനിടയില്‍ കൈക്കോട്ട് ബക്കറ്റില്‍ തട്ടിയെങ്കിലും സ്ഫോടനം നടക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ബക്കറ്റില്‍ അറക്കപ്പൊടി നിറച്ച് അതില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ ഉണ്ടായിരുന്നത്. ബോംബ് നിര്‍മ്മിച്ച കണ്ടെയിനറുകള്‍ കാലപ്പഴക്കം നിമിത്തം തുരുമ്ബിച്ച നിലയിലായിരുന്നു.
അടുത്തടുത്തായി നിരവധി വീടുകളുള്ള പറമ്പിലെ മൂന്ന് സെന്‍റ് സ്ഥലത്താണ് പുതിയ വീടിനായി തറ നിര്‍മ്മിക്കുന്നത്. എപ്പോഴും ആളുകളുടെ ശ്രദ്ധ പതിയുന്ന ഇവിടെ ഇത്തരത്തില്‍ ബോംബ് ശേഖരം കണ്ടെത്തിയത് പരിസരവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വൈകുന്നേരമായാല്‍ സ്ഥിരമായി കുട്ടികള്‍ കളിക്കുന്ന സ്ഥലമാണ് ഇത്. ബോംബുകള്‍ കണ്ടെത്തിയ വിവരം നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതനുസരിച്ച് നാദാപുരം എസ്.ഐ. കെ.പി.അഭിലാഷിന്‍റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയില്‍ എടുത്ത് ചേലക്കാട്ടുള്ള കരിങ്കല്‍ ക്വാറിയില്‍ എത്തിച്ച് നിര്‍വീര്യമാക്കി. ബോംബ് സ്ക്വാഡ് എ.എസ്.ഐ. എം.എം.ഭാസ്കരന്‍റെ നേതൃത്വത്തില്‍ ബോംബുകള്‍ സ്ഫോടനം നടത്തി നിര്‍വീര്യമാക്കാന്‍ ശ്രമിച്ചെങ്കിലും കാലപ്പഴക്കം നിമിത്തം ബോംബുകള്‍ പൊട്ടിയില്ല.
