KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം സെക്രട്ടേറിയറ്റിലെത്തി

ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം സെക്രട്ടേറിയറ്റിലെത്തി. പനീര്‍സെല്‍വം എത്തുന്നതിനാല്‍ ശശികലയെ പിന്തുണയ്ക്കുന്ന വിഭാഗം പ്രശ്നങ്ങളുണ്ടാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പോലീസ് സെക്രട്ടേറിയറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ്‌ തന്റെ വീട്ടില്‍ സെല്‍വം പ്രാര്‍ത്ഥന നടത്തി. അടുത്ത അനുയായികളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രാഷ്ട്രീയ സ്ഥിതി വിലയിരുത്തി.

പനീര്‍സെല്‍വം എത്തുന്നതിന് മുമ്പ്‌ ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഡി.ജി.പിയും പോലീസ് കമ്മിഷണറും ഐ.എ.എസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ട്.

ഗവര്‍ണറുടെ നിര്‍ണായക തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെ തമിഴ്നാട്ടില്‍ ശക്തി തെളിയിക്കാനാണ് ഇരുപക്ഷത്തിന്റെയും ശ്രമം. പോയസ് ഗാര്‍ഡനിലും ഒ. പനീര്‍സെല്‍വത്തിന്റെ വീടിനു മുന്നിലും പ്രകടനങ്ങള്‍ നടക്കുകയാണ്. ഭരണസ്തംഭനമെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനാണ് പനീര്‍സെല്‍വത്തിന്റെ നീക്കം.

Advertisements

അതിനിടെ, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയാറാണെന്ന് എഐഎഡിഎംകെ വക്താവ് വൈഗൈ ചെല്‍വന്‍ പറഞ്ഞു. ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനു പിന്നില്‍ ബിജെപിയും ഡിഎംകെയുമാണെന്നും അദ്ദേഹം ആരോപിച്ചു. കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിനു പിന്തുണ അറിയിച്ചുപോയ എംപിമാര്‍ തിരിച്ചുവരും. ശശികലയെ ഇതുവരെ ഒരു കേസിലും ശിക്ഷിച്ചിട്ടില്ല. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷവും അവര്‍ക്കുണ്ട്. ഉടന്‍തന്നെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശശികലയെ ക്ഷണിക്കണമെന്നും വൈഗൈ ചെല്‍വന്‍ വ്യക്തമാക്കി.

അതിനിടെ ശശികല തിങ്കളാഴ്ച എം എല്‍ എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിലേക്കു വീണ്ടുമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിസോര്‍ട്ടില്‍നിന്ന് എംഎല്‍എമാരെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച തീരുമാനത്തിലെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ശശികല പക്ഷവും പനീര്‍സെല്‍വം പക്ഷവും ഗവര്‍ണറെ കണ്ടേക്കും. ഇതിനൊപ്പം അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി, മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പൊതു പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണു കോടതിയെ സമീപിച്ചത്. എംഎല്‍എമാരെ അടിയന്തരമായി മോചിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെയുടെ പ്രവര്‍ത്തക സമിതിയോഗവും ചേരുന്നുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് ഡിഎംകെ ആസ്ഥാനത്തു വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിലാണു യോഗം.

 

Share news

Leave a Reply

Your email address will not be published. Required fields are marked *