KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്ന് സരിത എസ് നായര്‍

തിരുവനന്തപുരം > ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. ഇതടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സരിതയുടെ കത്ത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. 2013 ജൂലൈ 19ന് പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോള്‍ എഴുതിയ 25 പേജുള്ള കത്താണ് പുറത്തായത്. 2.16 കോടി രൂപ മുഖ്യമന്ത്രിക്ക് നല്‍കിയ കാര്യം കത്തില്‍ വിശദീകരിക്കുന്നു.

എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കാനാണ് കത്തെഴുതിയത്. കോടതിയില്‍ എത്തിച്ച ഈ കത്ത് പിന്നീട് പുറംലോകം കണ്ടില്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ കത്തിലുണ്ടായിരുന്നതുകൊണ്ടാണ് അത് പുറത്താകാതിരുന്നത്.

കത്ത് താന്‍ എഴുതിയതുതന്നെയാണെന്ന് ഞായറാഴ്ച വൈകീട്ട് സരിത ഏഷ്യാനെറ്റ്, കൈരളി പീപ്പിള്‍ ചാനലുകളിലൂടെ സ്ഥിരീകരിച്ചു. കത്തില്‍ എഴുതിയതെല്ലാം സത്യമാണ്. തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ് എഴുതിയത്. തെറ്റായി ഒന്നും എഴുതിയിട്ടില്ല. മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. കത്തിലെഴുതിയ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ട്. താന്‍ രണ്ട് കുട്ടികളുടെ മാതാവാണ്.

Advertisements

പീഡനം സംബന്ധിച്ച് സരിത എഴുതിയ കത്തില്‍നിന്ന്
മുഖ്യമന്ത്രി തന്നെ ഉപയോഗിച്ചു എന്ന് വിശദീകരിക്കുന്ന ഭാഗത്തുള്ള ചില വാക്കുകള്‍ പരസ്യപ്പെടുത്തരുതെന്ന് സരിത അഭ്യര്‍ഥിച്ചിരുന്നു. ‘ശ്രീ. ഉമ്മന്‍ചാണ്ടി സാര്‍, എന്റെ അച്ഛന്റെ തല്‍സ്വരൂപമായ ഉമ്മന്‍ചാണ്ടി സാര്‍ എന്നെ കണ്ടിട്ടേയില്ല അല്ലേ? സന്തോഷമായി. ഉമ്മന്‍ചാണ്ടി സാര്‍ എന്നെ മാത്രമല്ല, ഒരു സ്ത്രീയെയും കാണാറില്ലല്ലോ. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവര്‍ക്ക് എന്തുമാകാം. സിഎമ്മിന് നിഷേധിക്കാം. കണ്ടില്ല എന്നു പറയാം. എല്ലാം മറന്നുപോയെന്നു പറയാം. പക്ഷേ, എനിക്കാകില്ല. ഉമ്മന്‍ചാണ്ടി സാര്‍………….. എന്നോട് പലതും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. സിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് ക്ളിഫ് ഹൌസില്‍വച്ച് ഞാനതൊക്കെ ചെയ്തുകൊടുത്തിട്ടുണ്ട്. …………. അത് എന്നെ അറിയാതെ ആവശ്യപ്പെട്ട് ചെയ്യിച്ചതായിരുന്നോ? മുഖ്യമന്ത്രി എന്ന പദവി അതില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലേ? കാലുപിടിച്ചില്ലേ ഞാന്‍. എന്റെ കമ്പനിയില്‍ പ്രോബ്ളം ഉണ്ടാകുന്നുവെന്ന് അറിയിച്ചില്ലേ?
ശ്രീ. ഉമ്മന്‍ചാണ്ടി സാര്‍, താങ്കള്‍ എന്റെ കൈയില്‍നിന്നും കമ്പനിയില്‍നിന്നും സോളാര്‍ പദ്ധതിക്കായി രണ്ടുകോടി 16 ലക്ഷം രൂപ പല പ്രാവശ്യമായി വാങ്ങിയില്ലേ? ക്ളിഫ് ഹൌസില്‍ കൊണ്ടുവന്ന് ഞാന്‍ പണം നല്‍കിയില്ലേ? പിന്നീട് ഡല്‍ഹിയിലെ തോമസ് കുരുവിളവഴി നല്‍കിയില്ലേ? ചാണ്ടി ഉമ്മനും തോമസ് കുരുവിളയും വന്ന് തിരുവനന്തപുരത്തുവച്ച് പണം വാങ്ങിയില്ലേ? വന്‍കിട സോളാര്‍ പദ്ധതിയെന്ന ആശയം എന്നോട് പറഞ്ഞത് മുഖ്യമന്ത്രിതന്നെയല്ലേ? ആര്യാടന്‍ മുഹമ്മദിനടുത്തേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രി തന്നെയല്ലേ? ഇതൊക്കെയായിട്ടും എന്തിനാണ് മുഖ്യമന്ത്രി തള്ളിപ്പറയുന്നത്? എന്തിനാണ് അറസ്റ്റുചെയ്തപ്പോള്‍ തള്ളിപ്പറഞ്ഞത്?’–സരിത കത്തില്‍ ചോദിക്കുന്നു. ഒരു കോണ്‍ഗ്രസ് മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് മുന്‍കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തെന്നും കത്തില്‍ പറയുന്നു.

Share news