മുക്കാട്ടുകര കൊലപാതകം: പ്രതികളായ ബി.ജെ.പി. പ്രവർത്തകർ അറസ്റ്റിൽ

തൃശൂര്‍ > മുക്കാട്ടുകര കോക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ബിജെപി പ്രവര്‍ത്തകനടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാട്ടുകര മാവിന്‍ചുവട് സ്വദേശികളായ ഊരത്ത് സൂരജ് (19) ഊരത്ത് സിദ്ദു (20), പയ്യപ്പാട്ട് യേശുദാസ് (30), എലഞ്ഞിക്കുളം സ്വദേശി കുറ്റിക്കാട്ടുപറമ്പില്‍ കുട്ടുമോന്‍ എന്നറിയപ്പെടുന്ന അരുണ്‍ (31), നെല്ലങ്കര സ്വദേശി കാഞ്ഞാലി സച്ചിന്‍ (22) എന്നിവരാണ് പിടിയിലായത്. ഇതില്‍ അരുണ്‍ ബിജെപി പ്രവര്‍ത്തകനാണ്.
ഫെബ്രുവരി 12നുണ്ടായ സംഘര്‍ഷത്തില്‍ നെല്ലിശേരി നെട്ടിശേരി പൊറാടന്‍ വീട്ടില്‍ ബാലന്റെ മകന്‍ നിര്‍മല്‍ (20) ആണ് മരിച്ചത്. നിര്‍മല്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. തര്‍ക്കത്തനിടെ മുക്കാട്ടുകര നായരങ്ങാടി സ്വദേശി ചിരിയങ്കണ്ടത്ത് വീട്ടില്‍ ജോണിയുടെ മകന്‍ മിഥുന് (23) കുത്തേറ്റു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പൂര്‍വ വിരോധമാണ് കാരണമെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ടി നാരായണന്റെ നേതൃത്വത്തില്‍ എസിപി പി വാഹിദ്, സ്പെഷ്യല്‍ ബ്രാഞ്ച് അസി കമീഷ്ണര്‍ ബാബുരാജ്, ഒല്ലൂര്‍ സിഐ സജീവന്‍, ഷാഡോ എസ്ഐമാരായ എം പി ഡേവിസ്, വി കെ അനിരുദ്ധന്‍ എഎസ്ഐമാരായ പി എം റാഫി, എന്‍ ജി സുവൃതകുമാര്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ആര്‍എസ്എസ് ഗൂഢാലോചന പൊളിഞ്ഞു

തൃശൂര്‍ > മണ്ണുത്തി നെല്ലങ്കരയിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവം രാഷ്ട്രീയവല്‍ക്കരിച്ച ബിജെപിക്ക് തിരിച്ചടി. പൊലീസ് അറസ്റ്റു ചെയ്ത പ്രതികളില്‍ ഒരാള്‍ ബിജെപിപ്രവര്‍ത്തകനാണ്. ഇതോടെ യാദൃശ്ചികമായി ഉണ്ടായ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും സിപിഐ എമ്മിനെതിരെ ആയുധമാക്കാനുമുള്ള ബിജെപി – ആര്‍എസ്എസ് നീക്കത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു.
മണ്ണുത്തി പട്ടാളക്കുന്ന് എലിഞ്ഞിക്കുളം കുറ്റിക്കാട്ടുപറമ്പില്‍ അശോകന്റെ മകന്‍ അരുണ്‍ (28) ആണ് പ്രതികളിലൊരാള്‍. ഇയാള്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകനും മണ്ണുമാഫിയ ഇടപാടുകാരനുമാണ്. പേരാമംഗലം, മണ്ണുത്തി സ്റ്റേഷനുകളിലായി വധശ്രമക്കേസുകളിലടക്കം അരുണ്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 12ന് രാത്രി ക്ഷേത്രപ്പറമ്പില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നെട്ടിശേരി പൊറാടന്‍ ബാലന്റെ മകന്‍ നിര്‍മല്‍ (20) ആണ് മരിച്ചത്. നെല്ലങ്കര ചിരിയങ്കണ്ടത്ത് ജോണിയുടെ മകന്‍ മിഥുനിനെ (22) കുത്തേറ്റ് തൃശൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും രണ്ടു സംഘങ്ങള്‍ തമ്മിലുള്ള പൂര്‍വ വിരോധമാണ് കൊലയ്ക്കു കാരണമെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായെങ്കിലും ബിജെപി സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. സിപിഐ എമ്മുകാരാണ് ബിജെപിക്കാരനായ നിര്‍മലിനെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് സംഭവത്തിന്റെ പിറ്റേന്ന് ബിജെപി ജില്ലാ ഹര്‍ത്താലും വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ വ്യാപക ആക്രമണങ്ങളും നടത്തി. സിപിഐ എമ്മിന്റെ പാര്‍ടി ഓഫീസുകള്‍ക്കും കൊടികള്‍ക്കും സ്തൂപങ്ങള്‍ക്കും പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെയും ആക്രമണമുണ്ടായി. കുമ്മനം അടക്കമുള്ള നേതാക്കളും തൃശൂരിലെത്തി സംഭവത്തില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തി.
എന്നാല്‍ പൊലീസ് പിടിയിലായവരില്‍ ഒരാള്‍ ബിജെപിക്കാരനാണെന്നു വ്യക്തമായതോടെ ബിജെപിയുടെ രാഷ്ട്രീയ കാപട്യം പുറത്തായി. ഉത്സവപ്പറമ്പിലെ കൊലയുമായി സിപിഐ എമ്മിന് ബന്ധമില്ലെന്ന് പാര്‍ടി ജില്ലാ കമ്മിറ്റിയും മണ്ണുത്തി ഏരിയ കമ്മിറ്റിയും നേരത്തെ വ്യക്തമാക്കിയതാണ്.
