മുക്കത്ത് രണ്ടു വീടുകളില്‍ വന്‍ മോഷണം

കോഴിക്കോട് : മുക്കത്ത് രണ്ടു വീടുകളിലായി വ്യാഴായ്ച് രാത്രി വന്‍ മോഷണം. അര കിലോ മീറ്റര്‍ പരിധിയില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവ്, കീഴുപറന്പ് പഞ്ചായത്തിലെ കല്ലായി എന്നിവിടങ്ങളിലെ വീടുകളിലാണ് മോഷണം നടന്നത്. എരഞ്ഞിമാവ് തെഞ്ചീരി പറന്പ് ഗഫൂറിന്‍റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 20 പവനിലധികം സ്വര്‍ണ്ണാഭരണങ്ങളും അലമാരിയില്‍ സൂക്ഷിച്ച 600 രൂപയും നഷ്ടപെട്ടു. അടുക്കളയുടെ ഗ്രില്ല് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
രാത്രി 1.30 നും അഞ്ചിനുമിടയിലാണ് മോഷണം നടന്നത്. രാത്രി ഒരു മണിയോടെയാണ് ഗഫൂറും ഭാര്യയും 4 മക്കളും അനിയന്‍റെ ഭാര്യയും മൂന്ന് മക്കളും ഉറങ്ങാന്‍ കിടന്നത്.

മുക്കം എസ്.ഐ. സനല്‍രാജ്, കൊടുവള്ളി സി.ഐ. ബിശ്വാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കീഴുപറന്പ് പഞ്ചായത്തിലെ കല്ലായിയില്‍ പി.കെ. മെഹബൂബിന്‍റെ വീട്ടില്‍ മുന്‍വശത്തെ ജനാലയുടെ കൊളുത്ത് മാറ്റി ഇതിനോട് ചേര്‍ന്ന വാതില്‍ തുറന്നാണ് അകത്ത് കടന്നത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന മെഹബൂബിന്‍റെ മകളുടെ കയ്യിലെ വളകള്‍ മോഷണം പോയി. ഒന്നാം നിലയില്‍ അലമാരയില്‍ സൂക്ഷിച്ച 40000 രൂപയും നഷ്ടപ്പെട്ടു.

മെഹബൂബിന്‍റെ മകള്‍ ഞെട്ടി ഉണര്‍ന്നങ്കിലും മോഷ്ടാവിനെ വ്യക്തമായി കാണാനായില്ല. അരീക്കോട് എസ്.ഐ. യുടെ നേതൃത്വത്തിലുളള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അടിക്കടിയുണ്ടാവുന്ന മോഷണങ്ങളില്‍ നാട്ടുകാര്‍ ഭീതിപരത്തരുതെന്നും മോഷണങ്ങള്‍ മുഴുവനും പൂട്ടുപൊളിച്ചായതിനാല്‍ വാതിലിനോട് ചേര്‍ന്ന് വാതില്‍ തുറക്കുന്ന സമയത്ത് നിലത്ത് വീണ് ശബ്ദമുണ്ടാവുന്ന തരത്തില്‍ വല്ല പാത്രങ്ങളോ സ്റ്റുളോ മറ്റോ വെക്കണമെന്നും വീട് പൂട്ടി പുറത്ത് പോവുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്നും മുക്കം എസ്. ഐ. സനല്‍രാജ് പറഞ്ഞു.
അരീക്കോട് സേ്റ്റഷന്‍ പരിധിയില്‍ കല്ലരട്ടിക്കല്‍ ഭാഗത്ത് കഴിഞ്ഞ ആഴ്ച 8 വീടുകളില്‍ പൂട്ട് പൊളിച്ച് മോഷണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് നിര്‍ദേശം നല്‍കിയത്.
