മാലിന്യങ്ങള്‍ അടിഞ്ഞ് കൂടി കനാലിന്റെ മണ്‍ഭിത്തി തകർന്നു

കുന്നത്തൂര്‍: പോരുവഴിയില്‍ കെഐപി ഉപകനാലിന്റെ മണ്‍ഭിത്തി തകര്‍ന്ന് വെള്ളം കവിഞ്ഞൊഴുകി. ഇന്നലെ ഉച്ചയോടെ പോരുവഴി ഇടയ്ക്കാട് കലതിവിള കാഞ്ഞിരകുറ്റിവിള ഭാഗത്താണ് കനാല്‍ പൊട്ടിയത്. മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയത് മൂലം ജലമൊഴുക്ക് തടസപ്പെട്ട് വെള്ളം കെട്ടി നിന്നതാണ് കനാലിന്റെ മണ്‍ഭിത്തി തകരാന്‍ ഇടയാക്കിയത്.
തൊട്ടടുത്ത ടണലില്‍ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലയ്ക്കുകയായിരുന്നു. കനാലിന്റെ വശം തകര്‍ന്ന് ജലം താഴ്ന്ന പ്രദേശത്തേയ്ക്ക് ഒഴുകി വീടുകളിലും കൃഷിസ്ഥലങ്ങളിലും വയലുകളിലും വെള്ളം കയറി. കൂടാതെ സെപ്റ്റിക്ക് ടാങ്കുകള്‍ നിറഞ്ഞൊഴുകി കുടിവെള്ള സ്രോതസ്സുകള്‍ മലനീകരിക്കപ്പെട്ടിട്ടുമുണ്ട്. പഞ്ചായത്തംഗം ഉള്‍പ്പെടെ കെഐപി അധികൃതരെ ബന്ധപ്പെട്ടെങ്കിലും കനാല്‍ അടയ്ക്കാനോ മാലിന്യങ്ങള്‍ നീക്കംചെയ്യാനോ തയ്യാറായില്ല എന്നാരോപണവും ഉയര്‍ന്നിട്ടുണ്ട്.

മാലിന്യം നീക്കം ചെയ്യുന്നതിനായി കരാറുകാരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം. ഈ പ്രദേശങ്ങളില്‍ പഴകിയ മെത്തപഞ്ഞി മാലിന്യങ്ങള്‍ ഉള്‍പ്പെടെ കനാലില്‍ തള്ളുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാനും കനാല്‍ തകരാനും ഇടയാക്കുന്നുണ്ട്. പല ഭാഗത്തും മണല്‍ചാക്കുകള്‍ വച്ചാണ് കനാല്‍ ചോര്‍ച്ച തടഞ്ഞിരിക്കുന്നത്. കനാലിലെ ഖരമാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും വെള്ളം കയറി നാശനഷ്ടം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പഞ്ചായത്തംഗം രമ്യ ആവശ്യപ്പെട്ടു.

