മാരകമായ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിത്തലിനും ഹാഷിഷ് ഓയിലുമായി (എം.ഡി.എം. എ) യുവാവിനെ മുത്തങ്ങയില്‍ വെച്ച് എക്സൈസ് സംഘം പിടികൂടി. കണ്ണൂര്‍ താണ സ്വദേശി സലഫി സ്കൂളിന് സമീപം വെസ്റ്റ് ന്യുക് വീട്ടില്‍ മുഹമ്മദ് അസിം (23) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ഗ്രാം മെത്തലിന്‍ ഡയോക്സി മെത്തഫിത്തലിനും 20 ഗ്രാം ഹാഷീഷ് ഓയിലുമാണ് പിടികൂടിയത്.
ഇന്നലെ രാവിലെ ബാംഗളുരുവില്‍ നിന്ന് കോഴിക്കോട്ടക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്നാണ് വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നു പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഒരു ഗ്രാം എം.ഡി.എം. എ കൈവശം വെക്കുന്നത് 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം എക്സൈസ് പ്രതിയെ പൊലീസിന് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അസീസ്, പി.ഇ.ഒ. വി.ആര്.ബാബുരാജ്, സി.ഇ.ഒ മാരായ കെ.ജോണി,എ.ടി.രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് മയക്കുമരുന്നു പിടികൂടിയത്.

