മാനാഞ്ചിറ ഗവ. ടി.ടി.ഐ. മോഡല്‍ യു.പി. സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചു
 
        കോഴിക്കോട്: മാനാഞ്ചിറ ഗവ. ടി.ടി.ഐ. മോഡല്‍ യു.പി. സ്കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ഇനി രാവിലെയും വയറുനിറയെ ഭക്ഷണം കഴിക്കാം. സ്കൂളിലെ പ്രഭാത ഭക്ഷണ വിതരണം തിങ്കളാഴ്ച തുടങ്ങി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
രാവിലെ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാതെ വരുന്ന വിദ്യാർത്ഥികൾക്ക് ഉച്ചവരെ വിശന്ന വയറുമായി ഇരിക്കേണ്ട. ആദ്യ ദിവസം കുട്ടികളെ കാത്തിരുന്നത് അപ്പവും ചെറുപയര്‍ കറിയുമായിരുന്നു. ഓരോ ദിവസവും കുട്ടികള്‍ക്ക് ഓരോതരം വിഭവങ്ങളാണ് നല്‍കുക. എല്‍.കെ.ജി.മുതല്‍ ഏഴാംതരം വരെയുള്ള 350 കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.

അപ്പത്തിന് പുറമേ ഇഡ്ഡലി, ചപ്പാത്തി, നൂല്‍പുട്ട്, പുട്ട് എന്നിവയെല്ലാം ഉണ്ടാകും. ഗ്രീന്‍പീസ്, കടല, ചെറുപയര്‍ തുടങ്ങിയ കറികളാണ് വിളമ്ബുക. ക്ലാസ് സമയം നഷ്ടപ്പെടുത്താത്ത രീതിയില്‍ രാവിലെ 9.15 മുതലാണ് ഭക്ഷണ വിതരണം.

സ്കൂള്‍ പി.ടി.എ.യുടെ നേതൃത്വത്തിലാണ് സൗജന്യമായി ഭക്ഷണം നല്‍കുന്നതെന്ന് സ്റ്റാഫ് സെക്രട്ടറി രാജന് പറഞ്ഞു. ഒരു പി.ടി.എ. അംഗത്തിന്റെ വീട്ടില്‍ നിന്നാണ് ഭക്ഷണം ഉണ്ടാക്കുന്നത്. പ്രതിദിനം 3000-3500 രൂപ വരെയാകും ചെലവ്. കോര്പ്പറേഷന് ഫണ്ട് ലഭിക്കാന്‍ ഓഗസ്റ്റുവരെ കാക്കേണ്ടിവരും. അതുകൊണ്ടാണ് നേരത്തേ തന്നെ സ്കൂളില്‍ പദ്ധതി തുടങ്ങിയത്.



 
                        

 
                 
                