KOYILANDY DIARY.COM

The Perfect News Portal

മഹത്തായ കര്‍ഷക മുന്നേറ്റത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാര്‍ മുട്ടുമടക്കി

മുംബൈ: രാജ്യചരിത്രത്തില്‍ ഇടംപിടിച്ച മഹത്തായ കര്‍ഷകമുന്നേറ്റത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാര്‍ മുട്ടുമടക്കി. ആറുദിവസം ലോങ് മാര്‍ച്ച്‌ നടത്തി മുംബൈയിലെത്തിയ ലക്ഷം കര്‍ഷകരുടെ രോഷത്തിനുമുന്നില്‍ അടിയറ പറഞ്ഞ സര്‍ക്കാരിന്, അഖിലേന്ത്യാ കിസാന്‍സഭ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അക്ഷരംപ്രതി അംഗീകരിക്കേണ്ടിവന്നു.

ചര്‍ച്ചയില്‍ തീരുമാനമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആറുമാസത്തെ സാവകാശം തേടി. ഒത്തുതീര്‍പ്പുവ്യവസ്ഥ നടപ്പാക്കാന്‍ ആറംഗ മന്ത്രിതലസമിതി രൂപീകരിക്കും. 2017 ജൂണ്‍ 30 വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്നും വനാവകാശനിയമം ആറുമാസത്തിനകം നടപ്പാക്കുമെന്നും ഉറപ്പുലഭിച്ചു. മിനിമം താങ്ങുവില നിശ്ചയിക്കുന്നത് കിസാന്‍സഭ നേതാക്കളുടെ പങ്കാളിത്തത്തോടെയായിരിക്കും.

വിളനാശത്തിന് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം, സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ഉചിതനഷ്ടപരിഹാരം നല്‍കല്‍ എന്നീ ആവശ്യങ്ങളും അംഗീകരിച്ചു. വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് കാത്തുനില്‍ക്കില്ലെന്നും ഉറപ്പുനല്‍കി.

Advertisements

കടലിലേക്ക് ഒഴുകുന്ന വെള്ളം കൃഷിയാവശ്യങ്ങള്‍ക്കായി വഴിതിരിച്ചുവിടുന്നതും വായ്പ എഴുതിത്തള്ളുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കിയതും അടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രക്ഷോഭകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. റേഷന്‍ നല്‍കാത്ത കടയുടമകളുടെ ലൈസന്‍സ് റദ്ദാക്കും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുമ്ബോള്‍ ആദിവാസിഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുനല്‍കി.

സഞ്ജയ് ഗാന്ധി നിരാധാര്‍ യോജനപ്രകാരം പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിക്കും. ഇതിനുള്ള തീരുമാനം നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍തന്നെ കൈക്കൊള്ളും. കാല്‍നടയായി മുംബൈയിലെത്തിയ പ്രക്ഷോഭകര്‍ക്ക് തിരിച്ചുപോകാന്‍ സൗജന്യ ട്രെയിന്‍യാത്ര അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനുപുറമെ പ്രാദേശികമായ നിരവധി ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

സെക്രട്ടറിയറ്റ് വളയുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നേതാക്കളെ ക്ഷണിച്ച സാഹചര്യത്തില്‍ പ്രക്ഷോഭകര്‍ ആസാദ് മൈതാനിയില്‍ തങ്ങി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, സംസ്ഥാന പ്രസിഡന്റ് ഡോ. അജിത് നാവ്ലെ, സിപിഐ എം എംഎല്‍എ ജെ പി ഗാവിത് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കിസാന്‍സഭ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചത്.

തുടര്‍ന്ന് നേതാക്കള്‍ക്കൊപ്പം മന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ (ശിവസേന), ഗിരീഷ് മഹാജന്‍, ചന്ദ്രകാന്ത് ദാദ പാട്ടീല്‍ (ബിജെപി) എന്നിവര്‍ ഒത്തുതീര്‍പ്പുവ്യവസ്ഥകളുടെ കരടുമായി ആസാദ് മൈതാനിയിലെത്തി. മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പ്രക്ഷോഭകര്‍ക്കുമുന്നില്‍ വിശദീകരിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് അമ്രാറാം, ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ മറിയം ധാവ്ളെ, സുധ സുന്ദരരാമന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ഡോ. അശോക് ധാവ്ളെ പറഞ്ഞു.

പ്രക്ഷോഭത്തിന് അഭൂതപൂര്‍വമായ പിന്തുണ ലഭിച്ചതോടെയാണ് സമരത്തെ കൂടുതല്‍ സ്ഫോടനാത്മകമായ ഘട്ടത്തിലെത്തിക്കാതെ പെട്ടെന്ന് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. ലോങ് മാര്‍ച്ച്‌ കടന്നുവന്ന പ്രദേശങ്ങളില്‍നിന്ന് കിസാന്‍സഭ നേതാക്കളെ അമ്ബരപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് കര്‍ഷകര്‍ അണിചേര്‍ന്നതും വിവിധ രാഷ്ട്രീയപാര്‍ടികളും സന്നദ്ധ സംഘടനകളും മതസംഘടനകളും പൂര്‍ണമായി സമരത്തെ പിന്തുണച്ചതും പെട്ടെന്ന് ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. പത്താംക്ലാസ് പരീക്ഷയ്ക്ക് തടസ്സമുണ്ടാകാതെ സമരം ഏകോപിപ്പിച്ചതും സമരത്തിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *