KOYILANDY DIARY.COM

The Perfect News Portal

മസ്തിഷ്ക്ക ആഘാതം സംഭവിച്ചിട്ടും അവള്‍ ഇരട്ടകള്‍ക്ക് ജന്മം നല്‍കി

പ്രസവവേദന നല്‍കിയ പാതിമയക്കത്തിലും കേള്‍ക്കുന്ന കുട്ടിയുടെ ആദ്യകരച്ചില്‍. അര്‍ധബോധാവസ്ഥയിലും ആ കരച്ചില്‍ ചിരിയായി മാറുന്നത്, ആ ഒരൊറ്റ കരച്ചില്‍ മരണവേദനപോലും മറന്നുപോകുന്നത്, ഇതൊക്കെ ഏതൊരു സ്ത്രീയും അമ്മയാകുമ്പോള്‍ സംഭവിക്കുന്ന കാര്യമാണ്. പക്ഷേ ബ്രസീലിലെ ഫ്രാങ്ക്ളിന്‍ ഡാ സില്‍വ സാംപോളി എന്ന ഇരുപത്തൊന്നുകാരി തന്റെ ഉദരത്തില്‍ രണ്ട് ജീവന്‍ വളരുന്നത്, അവര്‍ വളരുന്നതിന് അനുസരിച്ച്‌ വയറ് വലുതാകുന്നത്. എന്തിന് അവര്‍ മരണവേദന നല്‍കി പിറന്ന് വീഴുന്നത് ഒന്നും അറിഞ്ഞില്ല.

കഴിഞ്ഞ ഒക്ടോബറിലാണ് ഫ്രാങ്ക്ളിന് മസ്തിഷ്ക്ക ആഘാതം സംഭവിക്കുന്നത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആഴ്ച്ചകള്‍ മാത്രം ഗര്‍ഭിണിയായ ഫ്രാങ്കളിന്റെ ഉദരത്തിലെ ഭ്രൂണങ്ങള്‍ മിടിയ്ക്കുന്നതായി കണ്ടെത്തി. ഏതു വിധേനയും ആ ജീവനുകളെ ഭൂമിയിലെത്തിക്കാനായിരുന്നു നെസോ സെന്‍ഹോറയിലെ ഡോക്ടര്‍മാരുടെ തീരുമാനം.

വെന്റിലേറ്ററില്‍ ഫ്രാങ്ക്ളിന്‍ മാസങ്ങള്‍ തള്ളിനീക്കി. ഫ്രാങ്ക്ളിന്റെ ചികിത്സയ്ക്കായി ബ്രസീലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണവും കുട്ടികള്‍ക്ക് വേണ്ട വസ്ത്രങ്ങളും എന്തിന് കളിപ്പാട്ടങ്ങള്‍ പോലും ഒഴുകിയെത്തി. ഒരു രാജ്യം തന്നെയാണ് ഫ്രാങ്ക്ളിന്റെ പ്രസവത്തിനായി കാത്തിരുന്നത്. അങ്ങനെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 123 ദിവസത്തിനുശേഷം ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും പിറന്നു.

Advertisements

മാസം തികയാതെ പ്രസവിച്ച കുട്ടികള്‍ ആദ്യം ഇന്‍ക്യുബിലേറ്ററില്‍ കഴിഞ്ഞു. പിന്നീട് ഫ്രാങ്ക്ളിന്റെ മാതാപിതാക്കള്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു. അന്ന വിക്ടോറിയ എന്നും അസാപ്പ് എന്നും അവര്‍ കുട്ടികള്‍ക്ക് പേരിട്ടു. പാദില്‍ഹയാണ് ഫ്രാങ്ക്ളിന്റെ ഭര്‍ത്താവ് ഇരുവര്‍ക്കും രണ്ട് വയസുള്ള മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട്.

എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്നും ഇപ്പോഴും ഫ്രാങ്ക്ളിന്‍ കണ്ണുതുറന്ന് തന്റെ പൊന്നോമനകളെ കാണുമെന്നുമുള്ള പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബം.

Share news

Leave a Reply

Your email address will not be published. Required fields are marked *