KOYILANDY DIARY.COM

The Perfect News Portal

മയ്യഴിയുടെ പ്രിയനേതാവ് ബാബുവിന് നാടിന്റെ അന്ത്യാഭിവാദ്യം

തലശേരി : ആര്‍എസ്‌എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ മയ്യഴിയുടെ പ്രിയനേതാവ് കണ്ണിപ്പൊയില്‍ ബാബുവിന് നാടിന്റെ അന്ത്യാഭിവാദ്യം. സമാധാനം തകര്‍ക്കുന്ന ആര്‍എസ‌്‌എസ‌് അക്രമികളോടുള്ള കത്തുന്ന പ്രതിഷേധവുമായെത്തിയ ആയിരങ്ങള്‍ കണ്ണീരോടെ മയ്യഴിയുടെ പോരാളിക്ക് വിടനല്‍കി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് വിലാപയാത്രയായി പള്ളൂരിലെത്തിച്ച മൃതദേഹം വൈകിട്ട് അഞ്ചോടെ സംസ്കരിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്ബതരയോടെയാണ് സിപിഐ എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ മാഹി നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു എന്ന കെ പി ദിനേശ് ബാബുവിനെ വെട്ടിക്കൊന്നത്. വീട്ടിലേക്ക് പോകുംവഴി ഇരുട്ടില്‍ പതിയിരുന്ന അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. വടിവാള്‍കൊണ്ടുള്ള വെട്ടില്‍ കഴുത്ത് അറ്റുതൂങ്ങി. 2016ലും ഇതേസ്ഥലത്ത‌് ബാബുവിനെ ആര്‍എസ്‌എസ്സുകാര്‍ ആക്രമിച്ചിരുന്നു. തലശേരി മാഹി ബൈപാസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹി കൂടിയായ ബാബു മയ്യഴിയിലെ സുസമ്മതനായ പൊതുപ്രവര്‍ത്തകനാണ‌്.

പകല്‍ പന്ത്രണ്ടരയോടെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് മൃതദേഹം സിപിഐ എം നേതാക്കള്‍ ഏറ്റുവാങ്ങിയത്. കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി എംപി, ഇ പി ജയരാജന്‍ എംഎല്‍എ, വിജുകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സഹദേവന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രന്‍, പി ഹരീന്ദ്രന്‍, തലശേരി ഏരിയാ സെക്രട്ടറി എം സി പവിത്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. തുടര്‍ന്ന് വിലാപയാത്ര തലശേരിക്ക‌് പുറപ്പെട്ടു. ദേശീയപാതയില്‍ പ്രധാനകേന്ദ്രങ്ങളിലെല്ലാം അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ കാത്തുനിന്നു. ആയിരക്കണക്കിനാളുകള്‍ വിലാപയാത്രയെ അനുഗമിച്ചു.

Advertisements

പള്ളൂര്‍ ബിടിആര്‍ മന്ദിരത്തിനുമുന്നിലെ പൊതുദര്‍ശനം കഴിഞ്ഞ് മൃതദേഹം ഉറ്റവര്‍ക്ക് കാണുന്നതിനായി വീട്ടിലെത്തിച്ചതോടെ തേങ്ങലുകള്‍ അലമുറകളായി. എന്തിനും ഏതിനും ഓടിയെത്തുന്ന പ്രിയസഖാവിന്റെ ചേതനയറ്റ മുഖം കണ്ടുനില്‍ക്കാനാവാതെ കൂടിനിന്നവര്‍ വിങ്ങിപ്പൊട്ടി. അമ്മ സരോജിനിയുടെയും ഭാര്യ അനിതയുടെയും മക്കളുടെയും നിലവിളി ഹൃദയഭേദകമായി. അഞ്ചുമണിയോടെ മൃതദേഹം ചിതയിലേക്കെടുത്തു. മൂന്നര വയസുള്ള മകന്‍ അനുനന്ദ് ചിതയ്ക്ക് തീകൊളുത്തി. വീടിന് തൊട്ടായി നിര്‍മാണം പാതിയിലുള്ള വീടിന് മുന്നിലാണ് ധീരരക്തസാക്ഷിക്ക് ചിതയൊരുക്കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *