KOYILANDY DIARY.COM

The Perfect News Portal

മണിമലയാറ്റില്‍ നീര്‍നായ ശല്യം

തിരുവല്ല:  മണിമലയാറ്റില്‍ വെണ്ണിക്കുളം മുതല്‍ കുറ്റൂര്‍ പഞ്ചായത്ത് കടവുവരെയുള്ള ഭാഗങ്ങളിലാണ് നീര്‍നായ ശല്യം രൂക്ഷമായിരിക്കുന്നത്. ഇതോടെ ആറിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. വെള്ളത്തി ല്‍ ഇറങ്ങികുളിക്കുവാനോ വസ്ത്രം കഴുകുവാനോ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസങ്ങളില്‍ ഇരുവള്ളിപ്ര റെയില്‍വെ പാലത്തിന് സമീപമുള്ള കടവില്‍ കുളിക്കാനിറങ്ങിയ നിരവധി പേര്‍ക്ക് നീര്‍നായയുടെ കടിയേറ്റു. മാരകമായ കടിയേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.

സ്ത്രീകളും കുട്ടികളടക്കം നിരവധിപേര്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്. പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്പ്പാണ് ഇവര്‍ക്ക് നല്‍കിയതെന്ന് നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറയുന്നു. മുന്‍കാലങ്ങളില്‍ നദിയില്‍ ഏറെ ആഴമുള്ള ഭാഗങ്ങളിലും കരകളിലെ പരുത്തിക്കാടുകളിലും കേന്ദ്രീകരിച്ചായിരുന്നു നീര്‍നായെ കൂട്ടമായി കണ്ടിരുന്നത്. മനുഷ്യസാന്നിധ്യം മനസിലാകുന്നതോടെ വെള്ളത്തിന്റെ ആഴങ്ങളില്‍ ഒളിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ നദിയുടെ ഇരുകരകളിലും കടവുകളിലും ഇത് കൂട്ടമായി എത്തി നദിയിലിറങ്ങുന്നവരെ അക്രമിക്കുകയാണ്. കൂടാതെ ഉള്‍നാടന്‍ മത്സ്യബന്ധനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വലകള്‍ നശിപ്പിക്കുന്നതും പതിവാണ്.

മണിക്കൂറോളം വെള്ളത്തിനടിയില്‍ കഴിയുവാനുള്ള കഴിവുള്ളതിനാല്‍ ഇവയെ തുരത്തുവാനും സാധിക്കുന്നില്ല. നദിയുടെ ആവാസവ്യവസ്ഥിതിക്ക് കോട്ടം തട്ടുന്നരീതിയിലുള്ള മാലിന്യ നിക്ഷേപമാണ് നീര്‍നായ പെറ്റ് പെരുകാനുള്ള കാരണമെന്ന് തിരവാസികള്‍ പറയുന്നു. പാലങ്ങള്‍ക്ക് മുകളില്‍നിന്ന് ഇറച്ചിക്കടകളില്‍നിന്നും തള്ളുന്ന മാലിന്യമാണ് ഇവയുടെ വളര്‍ച്ചയ്ക്ക് കാരണം. കൂര്‍ത്ത് മൂര്‍ച്ചയേറിയ പല്ലുകളും പട്ടിയുടെ മുഖവും ഇരുണ്ട നിറവുമുള്ള ഇവയുടെ പെരുപ്പംമൂലം നദിയിലെ മത്സ്യസമ്ബത്തും അനുദിനം കുറഞ്ഞുവരികയാണെന്ന് മത്സ്യബന്ധന തൊഴിലാളികളും പറയുന്നു. കൂടാതെ മദ്ധ്യതിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ ബലിതര്‍പ്പണം നടത്തുന്ന കീച്ചേരിവാല്‍ കടവിലും നീര്‍നായ ശല്യം രൂക്ഷമാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *