മക്കളുപേക്ഷിച്ച് അവശതയിൽ കഴിയുന്ന വൃദ്ധ ദമ്പതിമാർക്ക് ആശ്വാസമായി പോലീസും നാട്ടുകാരും

മേപ്പയ്യൂര്‍: മക്കളുപേക്ഷിച്ച വൃദ്ധദമ്പതിമാരെ ജനപ്രതിനിധികളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ പോലീസുകാര്‍ ആസ്പത്രിയിലെത്തിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുയിപ്പോത്ത്, തെക്കുംമുറി കരുവോത്ത്താഴ തെയ്യോനെയും ഭാര്യ വെള്ളായിയെയും ആണ് മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ സി.എം. സുനില്‍, എം. സജി എന്നിവരുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഗവ. താലൂക്കാശു
പത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാവിലെ അയല്‍വാസികള്‍ അറിയച്ചതിനെത്തുടര്‍ന്ന് പോലീസ് വീട്ടിലെത്തുമ്പോള്‍ വൃത്തിയില്ലാത്ത ചുറ്റുപാടില്‍ ശരീരം പൊട്ടിയൊലിച്ച് കിടക്കുകയായിരുന്നു 85-കാരിയായ വെള്ളായി. 90 വയസ്സായ ഭര്‍ത്താവ് തെയ്യോനാണ് ഇത്രയുംകാലം വെള്ളായിയെ പരിചരിച്ചിരുന്നത്.

ബ്ലോക്ക് പഞ്ചായത്തംഗം സതി, വാര്‍ഡ് മെമ്പര്‍ രമാദേവി, മുയിപ്പോത്ത് പാലിയേറ്റീവ് സെക്രട്ടറി സമദ്, ആശാവര്‍ക്കര്‍ പുഷ്പ, പൊതുപ്രവര്‍ത്തകനായ എം.കെ. മുരളി എന്നിവരും പോലീസുകാരും ചേര്‍ന്ന് വെള്ളായിയെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്ക് മൂന്നുമക്കളുണ്ടെങ്കിലും ആരും ഇവരെ നോക്കാന്‍ തയ്യാറായിരുന്നില്ല. പോലീസ് മക്കളെ വിളിച്ചുവരുത്തി, കേസെടുക്കുമെന്ന് താക്കീതുചെയ്തു. ഇതിനുശേഷമാണ് ആശുപത്രിയില്‍ കൂടെ നില്‍ക്കാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും അവര്‍ തയ്യാറായത്.

