ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഭവനസമുച്ചയം: മുഖ്യമന്ത്രി

തിരുവനന്തപുരം; സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ലൈഫ് മിഷന് വഴി ഓരോ ജില്ലയിലും ഭവനസമുച്ചയം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവകേരളം കര്‍മപദ്ധതി ശില്‍പ്പശാലയുടെ സമാപനത്തില്‍ ക്രോഡീകരണ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഭവനസമുച്ചയം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം. നിര്‍മാണം തുടങ്ങിയിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആറായിരത്തോളം വീടുകള്‍ വിവിധ പഞ്ചായത്തുകളിലുണ്ട്. ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാട്ടുകാരുടെ സഹായംകൂടി തേടണം.

നവോത്ഥാന ചിന്തകളും ഭരണഘടനയും ക്ലാസ് മുറികളില്‍ ചര്‍ച്ച ചെയ്യണം. ഇവ സംരക്ഷിക്കാനുള്ള ഇടപെടല്‍ ആരംഭിക്കുന്നതിന് പാഠ്യപദ്ധതി പരിഷ്കരിക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കും. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രായോഗിക ഇടപെടല്‍ അധ്യാപകരില്‍ നിന്നുണ്ടാവണം. അങ്ങനെ സംഭവിക്കുന്നില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. പഠനരീതി പൂര്‍ണ ഗുണപ്രദമാകാന്‍ അധ്യാപകര്‍ അതിനനുസരിച്ച് മെച്ചപ്പെടണം. വിദ്യാഭ്യാസ പദ്ധതികള്‍ ശരിയായി ആവിഷ്കരിച്ച് നടപ്പാക്കണം.

പഠനം കഴിഞ്ഞ് സമൂഹത്തിലിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണപരമായ സംഭാവന നല്കാനാവണം. അതിനാവശ്യമായ സാമൂഹ്യബോധവും ശാസ്ത്രീയ കാഴ്ചപ്പാടും ഉയര്‍ത്താന്‍ അധ്യാപകര്‍ക്കാകണം. ഹരിതകേരളം മിഷന് വഴി ജല സ്രോതസുകള്‍ മാലിന്യമുക്തമാക്കണം. കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണം. ഒപ്പം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിപണിയും ഉറപ്പുവരുത്തണം.ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. രണ്ടുവര്ഷത്തിനിടയ്ക്ക് 40 ശതമാനം പേരാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചത്. തദ്ദേശസ്ഥാപന കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്ബ് ഇത് 50 ശതമാനമാക്കണം. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ 60 ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എ സി മൊയ്തീന് അധ്യക്ഷനായി. മന്ത്രിമാരായ കെ കെ ശൈലജ, പ്രൊഫ. സി രവീന്ദ്രനാഥ്, ഇ ചന്ദ്രശേഖരന്, രാമചന്ദ്രന് കടന്നപ്പള്ളി, കെ കൃഷ്ണന്‍കുട്ടി, മേയര്‍ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി കെ രാമചന്ദ്രന്, കെ എന്‍ ഹരിലാല്‍, നവകേരളം കര്‍മപദ്ധതി കോ ഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
