ഭിന്നലിംഗക്കാര്‍ക്കായി കുടുംബശ്രീ യൂണിറ്റ് രൂപവത്കരിക്കുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭിന്നലിംഗക്കാര്‍ക്കായി കുടുംബശ്രീ യൂണിറ്റ് രൂപവത്കരിക്കുന്നു. കുടുംബശ്രീ മിഷന്റെ ദിശ കാമ്പയിന്റെ ഭാഗമായാണിത്. സംസ്ഥാനത്തെ മൂന്നാം യൂണിറ്റാണിത്. തിരുവനന്തപുരം, എറണാകുളം കോര്‍പ്പറേഷനുകളില്‍ നിലവിലുണ്ട്. 40 പേരെങ്കിലും ആദ്യഘട്ടത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സി.ഡി.എസ്സുള്‍പ്പെടെ എല്ലാ ഭാരവാഹികളും ഭിന്ന ലിംഗക്കാര്‍ തന്നെയായിരിക്കുമെന്ന് കുടുംബശ്രീ മെംബര്‍ സെക്രട്ടറി റംസി ഇസ്മായില്‍ പറഞ്ഞു. ഭിന്നലിംഗക്കാര്‍ക്കായുള്ള പദ്ധതികളും അവര്‍ക്കുതന്നെ മുന്നോട്ടുവെക്കാം.

കോര്‍പ്പറേഷനും കുടുംബശ്രീയും ഇതിനായി ഫണ്ട് വകയിരുത്തും. സാമൂഹികമായ മുന്നേറ്റമുണ്ടാക്കി ഇവരെ മുന്‍നിരയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭിന്നലിംഗക്കാരുടെ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുവഴി സാധ്യമാവും.

ഇതിനു മുന്നോടിയായി ജില്ലാ കുടുംബശ്രീ മിഷന്‍ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാരുടെ സംഗമം വിളിച്ചിരുന്നു. മുന്നൂറോളം പേരാണ് അതില്‍ പങ്കാളികളായത്. നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭിന്നശേഷിക്കാരുടെയും എച്ച്.ഐ.വി. ബാധിതരുടെയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുണ്ട്.

