ബിജെപി സംസ്ഥാന നേതാവിന്റെ കാല് തല്ലിയൊടിച്ച ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

കൊച്ചി: സംഘടനാപരമായ വിഷയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന നേതാവിന്റെ കാല് ആര്‍എസ്എസ്സുകാര്‍ തല്ലിയൊടിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം പാലാരിവട്ടം ശ്രീകല റോഡില്‍ തെക്കേ മാടവന സജീവനെ (വെണ്ണല സജീവന്47) യാണ് നാലംഗസംഘം ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സജീവന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആര്‍എസ്എസ് തൃക്കാക്കര മണ്ഡലം സഹകാര്യവാഹക് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ്ചെയ്തു.

സഹകാര്യവാഹക് ലാല്‍ ജീവന്, കാക്കനാട് സ്വദേശികളായ രജീഷ്, വൈശാഖ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. കാര്യവാഹക് ജയചന്ദ്രനാണ് കസ്റ്റഡിയിലുള്ളത്. ലാല്ജീവന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. വീടിന്റെ വരാന്തയില്‍ സജീവന് ഭാര്യ സ്മിതയുമായി സംസാരിച്ചിരിക്കുമ്പോള്‍ സൗഹൃദ ഭാവത്തിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ദമ്പതിമാരുടെ ഇരട്ടകളായ മക്കള്‍ അക്രമം കണ്ട് ഭയന്ന് നില വിളിച്ചതോടെ അക്രമി സംഘം മടങ്ങി.

ആയുധമുപയോഗിച്ച് മാരകമായി മുറി വേല്പ്പിക്കല്, വീട്ടില്‍ അതിക്രമിച്ചു കയറല്‍, കൂട്ടമായി ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് നോര്‍ത്ത് സിഐ കെ ജെ പീറ്റര്‍ പറഞ്ഞു.
ബിജെപി സംഘടനാസംവിധാനങ്ങള്‍ പിടിച്ചെടുക്കാന്‍ ജില്ലയ്ക്കുപുറത്തുനിന്നുള്ള ആര്‍എസ്എസുകാര്‍ നടത്തുന്ന നീക്കം ചെറുത്തതാണ് സജീവനോടുള്ള വൈരാഗ്യമെന്നാണ് സൂചന. ഇക്കാര്യത്തില്‍ സജീവനും പ്രാദേശിക ആര്‍എസ്എസുമായും തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ ബിജെപി ജില്ലാനേതൃത്വം നടത്തിയ ശ്രമം പരാജയപ്പെട്ടതാണ്.
സംഘടനാപരമായ വിഷയത്തെച്ചൊല്ലിയാണ് തന്നെ ആര്‍എസ്എസ് സംഘം ആക്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന സജീവന് പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗത്തെ ആര്‍എസ്എസ് ആക്രമിച്ചിട്ടും ബിജെപി നേതൃത്വം പ്രതികരിച്ചില്ല. കഴിഞ്ഞമാസം വയലാറില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മുന്‍ ആര്‍എസ്എസ് പ്രവര്ത്തകന് അനന്തുവിനെ ആര്‍എസ്എസുകാര്‍ ചതിയില്‍പ്പെടുത്തി നിഷ്ഠൂരമായി കൊലപ്പെടുത്തിയിരുന്നു.
