പ്രായപൂര്‍ത്തിയാവാത്ത ഉത്തര്‍പ്രദേശ് പെണ്‍കുട്ടിയെ പീഡിപ്പിച്ച മലയാളി പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ഉത്തര്‍പ്രദേശ് പെണ്‍കുട്ടിയെ പീഡിപ്പിച്ച മലയാളി പിടിയില്‍. നടുവട്ടം കുറുന്തോടത്ത്‌പറമ്പ് ഷമീര്‍ (31) നെയാണു കസബ പോലീസ് അറസ്‌റ്റ് ചെയ്‌തു. പോസ്‌കോ നിയമപ്രകാരമാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്.
ഉത്തര്‍പ്രദേശില്‍ നിന്നും ബന്ധുവീട്ടിലെത്തിയ 17 വയസുകാരിയെ പ്രണയം നടിച്ച് ഷമീര്‍ പീഡിപ്പിക്കുകയായിരുന്നു. കസബ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ സ്‌ഥിരമായി കണ്ടിരുന്ന ഷമീര്‍ പ്രണയം നടിച്ചു പെണ്‍കുട്ടിയെ വശത്താക്കി. ഫോണ്‍വഴി സ്‌ഥിരമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ വയനാട്ടിലേക്കു പോയി. അവിടെ രണ്ടു ദിവസം ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഷമീറുമൊത്ത് പെണ്‍കുട്ടി പോയതായി വിവരം ലഭിച്ചു. പിന്നീട് ഷമീറിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

അതേസമയം താമസിച്ച ഹോട്ടലിലെ ലഡ്‌ജര്‍ബുക്കില്‍ ഷമീറിന്റെയും പെണ്‍കുട്ടിയുടേയും പേരുണ്ടായിരുന്നില്ല. ബോധപൂര്‍വം ലഡ്‌ജറില്‍ പേരുചേര്‍ക്കാത്തതിനു വയനാട്ടിലെ ഹോട്ടല്‍ മാനേജര്‍ക്കും ഉടമയ്‌ക്കുമെതിരേ പോലീസ് നിയമനടപടി സ്വീകരിക്കും. ഷമീര്‍ വിവാഹിതനായിരുന്നുവെന്നും പിന്നീട് വിവാഹമോചനം നേടിയിരുന്നതായും കസബ പോലീസ് അറിയിച്ചു.

