പ്രളയക്കെടുതിയില്‍ നടുങ്ങി ഉത്തരേന്ത്യയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും

ദില്ലി: പ്രളയക്കെടുതിയില്‍ നടുങ്ങി ഉത്തരേന്ത്യയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും. വിവിധ സംസ്ഥാനങ്ങളില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 55 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ആയിട്ടുണ്ട്. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്.
അസമില്‍ മാത്രം മഴക്കെടുതിയില്‍ 20 പേരാണ് മരിച്ചത്. അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. കാസിരംഗ ദേശീയ പാര്‍ക്കില്‍ വെള്ളം കയറി. ഇതുവരെ 30 മൃഗങ്ങള്‍ ചത്തൊടുങ്ങി എന്നാണ് കണക്ക്. ഉയരമുള്ള സ്ഥലത്തേക്ക് മൃഗങ്ങളെ നേരത്തെ മാറ്റിയിന്നു. ജലനിരപ്പ് ഉയരുന്നത് ഇവയുടെ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.

ബ്രഹ്മപുത്ര, കോസി, കമല, ഗംഗ തുടങ്ങിയ നദികള്‍ കര കവിഞ്ഞതോടെ അസം, ബിഹാര്‍, യുപി സംസ്ഥാനങ്ങളിലെ നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. അസമില്‍ ഒരു ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടവരെ വ്യോമമാര്‍ഗ്ഗം രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അസമിലെ 33 ജില്ലകളില്‍ 30 ഉം പ്രളയബാധിതമാണ്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

