പ്രളയകാലത്ത് ”ചവിട്ടുപടിയായ” ജൈസല്‍ ഇനി പ്രവര്‍ത്തനത്തിനിറങ്ങുന്നത് പി വി അന്‍വറിന്റെ വിജയത്തിനായി

താനൂര്‍: മഹാപ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ”ചവിട്ടുപടിയായ” കെ പി ജൈസല്‍ ഇനി പ്രവര്‍ത്തനത്തിനിറങ്ങുന്നത് പൊന്നാനി ലോക്സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ വിജയത്തിനായി. ഒപ്പം കരുത്തായി താനൂരിലെ മത്സ്യത്തൊഴിലാളികളും.
അവിടത്തെ മത്സ്യത്തൊളിലാളികള്‍ സ്വരുകൂട്ടിയ തുകയുമായാണ് ജൈസലും സംഘവും പി വി അന്‍വറിനെ കാണാനെത്തിയത്. സ്ഥാനാര്‍ത്ഥിക്ക് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം കെട്ടിവെക്കാനുള്ള തുകയായി അവര്‍ ആ പണം കൈമാറി. മത്സ്യലഭ്യതക്കുറവ് മൂലം ഏറെ ക്ഷാമം നിലനില്‍ക്കുമ്ബോഴും ഇടതു സര്‍ക്കാരിനോടുള്ള കടപ്പാടിനെ തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ന്ന് ചെറുസംഖ്യകള്‍ പിരിച്ചെടുത്താണ് കെട്ടി വയ്ക്കാനുള്ള തുക സ്വരൂപിച്ചത്. തകര്‍ന്ന വള്ളങ്ങള്‍ക്ക് ധനസഹായം നല്കാന് ചരിത്രത്തിലാദ്യമായി തയ്യാറായത് ഇടതുപക്ഷ സര്‍ക്കാരാണെന്നും പി വി അന്‍വര്‍ വിജയിച്ചാലാണ് മത്സ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാകൂവെന്നും, ഇത്തവണ അന്‍വറിനാണ് വോട്ടെന്നും മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

പൊന്നാനി ഭാരതപ്പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് പുഴയില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങള്‍ കടലിലേക്ക് ഒഴുകി തകര്‍ന്ന സമയത്തും, കേരളം കണ്ട മഹാപ്രളയത്തിലും ആശ്വാസമാകാതെ നാടുവിട്ട എംപി യോടുള്ള പ്രതിഷേധം മത്സ്യത്തൊളിലാളികള്‍ മറക്കില്ലെന്നും അവര്‍ പറഞ്ഞു. പ്രളയകാലത്ത് മുതലമാട് വെച്ച് ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയായി മാറ്റുകയായിരുന്നു ജൈസല്‍.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി അബ്ദുറസാഖ്, മത്സ്യതൊഴിലാളി ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അംഗം എം അനില്‍കുമാര്‍, ഐഎന്‍എല്‍ മുനിസിപ്പല്‍ സെക്രട്ടറി എ പി സിദ്ധീഖ്, ജനതാദള്‍ എസ് മണ്ഡലം സെക്രട്ടറി ഫസലു, സിപിഐ എം തീരദേശ ലോക്കല്‍ സെക്രട്ടറി പി ഹംസക്കുട്ടി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മനുവിശ്വനാഥ്, മത്സ്യതൊഴിലാളികളായ അഷ്റഫ് , സവാദ് , സുലൈമാന്‍ എന്നിവരും തുക കൈമാറല്‍ ചടങ്ങില്‍ പങ്കെടുത്തു താനൂര്‍ സ്വദേശിയായ ജൈസല്‍ മത്സ്യത്തൊഴിലാളി കുടുംബാംഗവും, ട്രോമാകെയര്‍ വളണ്ടിയറും ആണ്.

