KOYILANDY DIARY.COM

The Perfect News Portal

പ്രണയാഭ്യര്‍ഥന നിരസിച്ചു; നേഴ‌്സിനെ നടുറോഡില്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ നടുറോഡില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പൊലീസ് സാഹസികമായി പിടികൂടി. കൊല്ലം വെള്ളിമണ്‍, നെടുമ്പന പഞ്ചായത്തില്‍ പത്താംവാര്‍ഡില്‍ അസീസിയ മെഡി. കോളേജിന‌് സമീപം ശാസ‌്താംപൊയ‌്ക റോഡുവിള വീട്ടില്‍ നിഥിനാണ്‌ (35) അറസ്റ്റിലായത്. എസ്‌എടി ആശുപത്രിയിലെ നേഴ്സിങ‌് അസിസ്റ്റന്‍റ് ചെങ്ങന്നൂര്‍ സ്വദേശി പുഷ്പ (35)യ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തില്‍ യുവതിയുടെ വലതു ചെവി മുറിഞ്ഞുമാറി. തലയിലും കഴുത്തിലും മുറിവുണ്ടെങ്കിലും അവ ഗുരുതരമല്ല.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മെഡിക്കല്‍ കോളേജ് പഴയ റോഡിലായിരുന്നു സംഭവം. യുവതി താമസിക്കുന്ന വാടക വീട്ടില്‍ നിന്നും ഡ്യൂട്ടിക്കു പോകുന്ന സമയത്ത് ഇയാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട്, പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന മെഡിക്കല്‍ കോളേജ് അഡീഷണല്‍ എസ് ഐ ബാബുവും സംഘവും പാഞ്ഞെത്തി അക്രമിയെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. പുഷ്പയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രകിയ നടത്തി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന നിഥിന്‍ രോഗികളെയും കൊണ്ട് മെഡിക്കല്‍ കോളേജില്‍ വരുമായിരുന്നു. അങ്ങനെ പരിചയപ്പെട്ട പുഷ്പയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ നിരസിച്ചു. ഇതില്‍ പ്രകോപിതനായ നിഥിന്‍ വ്യാഴാഴ്ച മെഡിക്കല്‍ കോളേജിനു സമീപം ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചാണ് വെള്ളിയാഴ്ച രാവിലെ ആക്രമണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. ഒരു മകനുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *