KOYILANDY DIARY.COM

The Perfect News Portal

പൊള്ളലേറ്റ മലബാര്‍ ഫിനാന്‍സിയേഴ്സിന്റെ ഉടമ കുരുവിള സജി മരിച്ചു

കോഴിക്കോട്: താമരശേരി പുതുപ്പാടി കൈതപ്പൊയിലില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്സിന്റെ ഉടമ കുപ്പായക്കോട് ഒളവങ്ങരയിലെ പി.ടി കുരുവിള എന്ന സജി (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് കുരുവിളയ്ക്ക് നേരെ ആക്രമണം നടന്നത്. തൃശൂര്‍ സ്വദേശി സുമേഷ് ആണ് കൊലയാളിയെന്നാണ് സൂചന. പൊലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പണമിടപാട് സ്ഥാപനത്തിലെത്തിയ യുവാവ് കുരുവിളയുടെ മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ കുരുവിള ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് വെപ്രാളത്തില്‍ താഴേക്ക് ചാടി. ഓടിക്കൂടിയ നാട്ടുകാര്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ കുരുവിള ഇന്നലെ രാത്രി ബന്ധുക്കളോട് സംസാരിച്ചു. എന്നാല്‍ പുലര്‍ച്ചെ നാലോടെ നിലവിഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

സ്ഥാപനത്തിലെത്തിയ തൃശൂര്‍ സ്വദേശിയായ യുവാവ് രണ്ട് ലക്ഷം രൂപ വായ്പ ചോദിച്ചിരുന്നുവത്രെ. രണ്ട് ദിവസം മുമ്ബായിരുന്നു സംഭവമെന്ന് കുരുവിള അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നു. തൃശൂര്‍ സ്വദേശിയായ സുമേഷ് എന്ന യുവാവ് ബാങ്കില്‍ എത്തി പണം ആവശ്യപ്പെട്ടെന്നാണ് പറഞ്ഞത്. എന്നാല്‍ മതിയായ രേഖകള്‍ നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പണം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. പണം നല്കാത്ത വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കെട്ടിടത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സംഭവം നടക്കുമ്ബോള്‍ കുരുവിള മാത്രമേ ഉണ്ടായിരുന്നുള്ളു. തീകൊളുത്തിയ ഉടനെ അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. സ്ഥാപനത്തിനകത്ത് തീ പടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Advertisements

ചുവന്ന ടീ ഷര്‍ട്ട് ധരിച്ച്‌ ബൈക്കിലാണ് അക്രമി എത്തിയതെന്ന് സമീപത്തെ കടക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല അക്രമിയുടെ ഫോട്ടോ രണ്ട് ദിവസം മുമ്ബ് ബാങ്കിലെത്തിയപ്പോള്‍ കുരുവിള എടുത്ത് വച്ചിരുന്നു. അക്രമിയുടേതെന്ന് കരുതുന്ന ഹെല്‍മറ്റും കോട്ടും കെട്ടിടത്തിന്റെ പിറക് വശത്ത്നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുരുവിള പൊലീസിനോട് നല്‍കിയ മൊഴിയിലും സുമേഷാണ് തീകൊളുത്തിയതെന്ന് പറഞ്ഞിട്ടുണ്ട്. സംഭവം നടന്നയുടനെ രക്ഷപ്പെട്ട പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന താമരശ്ശേരി സി.ഐ ടി.എ.അഗസ്റ്റി വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *