പെണ്‍വേഷം ധരിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു

തിരുവനന്തപുരം: പെണ്‍വേഷം ധരിച്ചു വീടുകളുടെ പരിസരങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. നെടുമങ്ങാട് മാര്‍ക്കറ്റിനു പുറകില്‍ പഴവിള പ്രദേശങ്ങളിലാണു കഴിഞ്ഞ ദിവസം യുവാവിനെ കണ്ടത്. ചുരിദാറിന്റെ ടോപ് മാത്രം ധരിച്ചു വളകളും മാലയും കമ്മലും മൂക്കുത്തിയും അണിഞ്ഞായിരുന്നു യുവാവിന്റെ വരവ്.
സംശയം തോന്നിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞു ചോദ്യം ചെയ്യുന്നതിനിടയില്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന നാട്ടുകാര്‍ യുവാവിനെ അന്താരാഷ്ട്ര മാര്‍ക്കറ്റ് വളപ്പിനുള്ളില്‍ നിന്നു പിടികൂടി നെടുമങ്ങാട് പൊലീസിനു കൈമാറി. പിടിച്ചുപറി, മോഷണം, കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയവയ്ക്കായിരിക്കും ഇയാള്‍ പെണ്‍വേഷം ധരിച്ചു വന്നതെന്നാണു നാട്ടുകാരുടെ സംശയം.

വെള്ളയണി വണ്ടിത്തടം യക്ഷിയമ്മന്‍ കോവലിനു സമീപം പാപ്പാംകോട് സ്റ്റീഫന്റെ മകന്‍ അജേഷ് (29)ആണു പൊലീസ് കസ്റ്റഡിയിലായത്. ചോദ്യംചെയ്യലില്‍ ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യ മുള്ളതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ അജേഷിനെ നെടുമങ്ങാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഈ യുവാവിനെ തിരുവനന്തപുരം മാനസികരോഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സയ്ക്കു വിധേയമാക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഇതിനെ തുടര്‍ന്നു യുവാവിനെ പൊലീസ് വൈകിട്ടു മാനസികരോഗ ആശുപത്രിയില്‍ എത്തിച്ചു.

