പൂക്കാട് കലാലത്തിൽ “ആവണിപ്പൂവരങ്ങ് – 2018 ”

കൊയിലാണ്ടി: പൂക്കാട് കലാലയം 44-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന “ആവണിപ്പൂവരങ്ങ് – 2018 ” കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ 10, 11 തിയ്യതികളിൽ കാലത്ത് 10- 30 ന് കഥാകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ഓണാഘോഷത്തോടനുബന്ധിച്ച് തുടക്കമിട്ട പരിപാടികൾ പ്രളയക്കെടുതിയെ തുടർന്ന് മാറ്റി വെക്കുകയായിരുന്നെന്ന് ഭാരവാഹികൾ അറിയിച്ചു.
സിസ്റ്റർ ലിനി നഗരിയിൽ ഒരുക്കിയ ദാമു കാഞ്ഞിലശ്ശേരി സ്മാരക വേദിയിൽ നടക്കുന്ന പരിപാടിയിൽ ആയിരത്തിലധികം പ്രതിഭകൾ ഭാവരാഗതാള വിസ്മയം തീർക്കും. കെ.ദാസൻ എം.എൽ.എ.അധ്യക്ഷനാകും. ചടങ്ങിൽ കലാലയം പ്രവർത്തകരായ യു.കെ.രാഘവൻ, കെ.രാജഗോപാലൻ, പി.പി.വാണി എന്നിവർക്ക് കാലയം പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി വിശിഷ്ടാംഗത്വം നൽകും.

നാട്യാചാൻ പി.ജി.ജനാർദ്ദനൻ വാടാനപ്പള്ളി ഈ വർഷത്തെ രാജരത്നപ്പിള്ള എൻഡോവ്മെന്റ് കെ.ടി.അപർണ്ണക്ക് സമ്മാനിക്കും. വിജയൻ കണ്ണഞ്ചേരി, കെ.രാധാകൃഷ്ണൻ, ഡോ: പി.കെ.ഷാജി തുടങ്ങിയവർ സംബന്ധിക്കും. സമാപന സമ്മേളനം ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യും. ശിവദാസ് ചേമഞ്ചേരി അധ്യക്ഷനാകും. കവി പി.കെ.ഗോപി മുഖ്യാതിഥിയാകും. ചടങ്ങിൽ വെച്ച് ഡോ :എ.എസ്.അനൂപ്, യു.കെ.രാഘവൻ, ശിവദാസ് കാരോളി എന്നിവരെ അനുമോദിക്കും.

തുടർന്ന് ചിത്രപ്രദർശനത്തോടൊപ്പം ശാസ്ത്രീയ -സംഘനൃത്തങ്ങൾ, സംഘഗാനങ്ങൾ, ഗാനമേള എന്നിവ അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ശിവദാസ് ചേമഞ്ചേരി,ഡോ.പി.കെ.ഷാജി, ശിവദാസ് കാരോളി, അച്യുതൻ ചേമഞ്ചേരി, സി.ശ്യാം സുന്ദർ സംബന്ധിച്ചു .

