KOYILANDY DIARY

The Perfect News Portal

പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ ജലയാത്രക്കൊരുങ്ങി ശിക്കാരി ബോട്ടുകൾ

കൊയിലാണ്ടി: പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ ജലയാത്രക്കൊരുങ്ങി ശിക്കാരി ബോട്ടുകൾ. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അകലാപ്പുഴയിൽ സഞ്ചാരികളെ ആകർഷിക്കാനായി ശിക്കാരി ബോട്ടുകളും എത്തിത്തുടങ്ങി. പത്തു പേർക്ക് സഞ്ചാരിക്കാൻ കഴിയുന്ന ശിക്കാരി ബോട്ടിൻ്റെ ജലയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. പുറക്കാട് ഗോവിന്ദൻക്കെട്ട് ബോട്ടിങ് കേന്ദ്രത്തിൽ നിന്നാണ് യാത്രകൾ തുടങ്ങുക. 60 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വലിയൊരു ശിക്കാരി ബോട്ടിൻ്റെ നിർമാണം പുരോഗമിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ ഈ ബോട്ടും സർവീസ് തുടങ്ങും. ആലപ്പുഴയിൽ നിന്നെത്തിയ വിദഗ്ധ തൊഴിലാളികളാണ് ശിക്കാര ബോട്ടുകൾ നിർമിക്കുന്നത്. പോർട്ട് വകുപ്പിൻ്റെ ലൈസൻസ് കിട്ടുന്നമുറയ്ക്ക് ശിക്കാര ബോട്ടുകൾ സഞ്ചാരികളെയും കൊണ്ട് യാത്ര തുടങ്ങും. പുഴയുടെ സൗന്ദര്യം പൂർണമായി ആസ്വദിക്കണമെങ്കിൽ യാത്ര ശിക്കാര ബോട്ടിൽതന്നെ വേണം. നാലുവശവും തുറന്നിട്ടുള്ളതും പനയോലകൊണ്ടുള്ള മേലാപ്പുമാണ് ശിക്കാരബോട്ടിന്റെ പ്രത്യേകത. ചാരിക്കിടന്നും ഇരുന്നും പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും. വൈകീട്ടാണ് ജലയാത്രയ്ക്ക് ഏറെ നല്ലത്. പത്തുപേർക്കു മുതൽ 60 പേർക്കു വരെ കയറാനുള്ള ബോട്ടുകളാണ് ഇവ.

60 പേർക്ക് സഞ്ചാരിക്കാവുന്ന ബോട്ടിൽ ചെറു മീറ്റിങ്ങുകൾ, ജന്മദിനാഘോഷങ്ങൾ പോലുള്ള പരിപാടികൾ നടത്താം. ശാന്തമായതും വൃത്തിയും വെടിപ്പുള്ളതുമായ ജലാശയമാണ് അകലാപ്പുഴ. കുട്ടനാടിന്റെ അതേ ഗ്രാമഭംഗിയാണ് ഇവിടെയും. അകലാപ്പുഴയും പുഴയുടെ നടുവിലെ തുരുത്തും വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. കിടഞ്ഞിക്കുന്നിന്റെ താഴ്വരയിൽ പ്രകൃതി അനുഗ്രഹിച്ചു നൽകിയ വിസ്തൃതമായ കായൽപരപ്പാണ് അകലാപ്പുഴ. നാഴികകളോളം നീളത്തിൽ ഒരേ ആഴവും പരപ്പും തീരങ്ങളിലുടനീളം കേരവൃക്ഷങ്ങളും വിവിധതരം കണ്ടൽ കാടുകളും ഇടതൂർന്ന് വളർന്നുനിൽക്കുന്നു. കൈതോടുകളും തുരുത്തും നാട്ടു മീനുകളും കൊതുമ്പുവള്ളങ്ങളും മത്സ്യക്കൃഷിയും കുട്ടനാടൻ ശൈലിയിലുള്ള പാടശേഖരവും വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കും. പുഴയോരത്തെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ചുള്ള ജലയാത്ര നടത്താനാണ് സഞ്ചാരികൾ ഇവിടെ എത്തുന്നത്. നിലവിൽ രണ്ടുപേർക്കും അഞ്ചുപേർക്കും യാത്രചെയ്യാൻ പറ്റുന്ന പെഡൽ ബോട്ടുകളും, വാട്ടർസൈക്കിൾ, റോയിങ് ബോട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

Leave a Reply

Your email address will not be published. Required fields are marked *