പീഡനക്കേസ് കെെക്കൂലി വാങ്ങി ഒതുക്കിയ സി.എെയ്ക്ക് സസ്പെന്ഷന്

കൊച്ചി: പീഡനക്കേസ് കെെക്കൂലി വാങ്ങി ഒതുക്കിയെന്ന പരാതിയെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് സി.എെ ടി.ബി വിജയന് സസ്പെന്ഷന്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് റേഞ്ച് ഐജി പി. വിജയനാണ് സി.ഐയെ സസ്പെന്‍ഡ് ചെയ്തത്.
മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ 25 പേര് ചേര്‍ന്ന് പീഡിപ്പിച്ച കേസ് പണം വാങ്ങി ഒത്തു തീര്‍ത്തെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. മൂവാറ്റുപുഴ സ്വദേശിയെ കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരമധ്യത്തില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ 25 പ്രതികളില്‍നിന്ന് ഏഴു ലക്ഷം രൂപ വീതമാണ് കൈക്കൂലി വാങ്ങിയത്.

ഇതുകൂടാതെ കുബേര ഓപ്പറേഷനില്‍ കുടുങ്ങിയ പണമിടപാടുകാരനില്‍നിന്നു കൈക്കൂലി വാങ്ങിയെന്നും സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഏഴു ലക്ഷം രൂപ നല്കാന് കഴിയാത്ത പ്രതികള്‍ പൊലീസിനോടു പരാതിപ്പെട്ടത് സ്പെഷല്‍ ബ്രാഞ്ച് അറിയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐക്കെതിരെ അന്വേഷണം നടന്നത്.

പൊലീസ് സേനയ്ക്കൊന്നാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് അരങ്ങേറിയതെന്നും, ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് വിശദമായ അന്വേഷണം നടത്തണമെന്നുമാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.ഐക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിലപാടാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറും സ്വീകരിച്ചത്.

