പിൻവാതിൽ വാക്സിൻ മേള: യൂത്ത് കോൺഗ്രസ് സൂപ്രണ്ടിനെ ഉപരോധിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ വാക്സിൻ കേന്ദ്രങ്ങളിൽ പിൻവാതിലിലൂടെ വാക്സിൻ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു. ഓൺലൈനായി നടത്തുന്ന റജിസ്ട്രേഷനിൽ കൊയിലാണ്ടിയിലെ ആശുപത്രികളിൽ സ്ലോട്ട് കാണിക്കാതിരിക്കുകയും എന്നാൽ ദിവസേന 200 ഓളം പേർ ആശുപത്രിയിൽ വാക്സിൻ എടുക്കുന്നത് ജനങ്ങളെ വഞ്ചിച്ച് പിൻവാതിൽ വഴിയാണെന്നും ഇവർ പറഞ്ഞു.

കൊയിലാണ്ടി താലൂക്ക് നഗരസഭ ഡി കാറ്റഗറിയിലായിരിക്കുമ്പോഴും വാക്സിൻ എടുക്കാനെത്തിയവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാതെ സൂപ്രണ്ട് അവധിയെടുത്ത് നിരുത്തരവാദപരമായി പെരുമാറുകയാണെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് പറഞ്ഞു. റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി, ഷാനിഫ് വരകുന്ന്, സജിത് കാവുംവട്ടം,ജാസിം നടേരി എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.


