പിന്സീറ്റായാലും ഹെല്‍മറ്റില്ലെങ്കില്‍ ഇന്ന് മുതല്‍ 100 രൂപയാണ് പിഴ

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന പിന്‍സീറ്റുകാര്‍ക്കും ഇനി ഹെല്‍മറ്റ് നിര്‍ബന്ധം. ദക്ഷിണ മേഖലാ മേധാവി എഡിജിപി സന്ധ്യയുടെ ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനുകളിലെത്തി. വാഹന പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചു. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ഇന്ന് മുതല്‍ പരിശോധന തുടങ്ങും.
വാഹനമോടിക്കുന്നവരും പിന്നലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്കി.

