KOYILANDY DIARY.COM

The Perfect News Portal

പിക്കപ്പ്‌ വാനിൽ കെഎസ്‌ആര്‍ടിസി ബസ്സിടിച്ച് ഒരാള്‍ മരിച്ചു

ചെങ്ങന്നൂര്‍: എം സി റോഡില്‍ മുളക്കുഴ പഞ്ചായത്ത് ജങ്‌ഷനില്‍ നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പ് വാനില്‍ കെഎസ്‌ആര്‍ടിസി ബസ്‌ ഇടിച്ച്‌ അപകടം. പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ പുലിയൂര്‍ സ്വദേശി സോമാലയത്തില്‍ സോമന്‍/ആനന്ദവല്ലി ദമ്പതികളുടെ മകന്‍ സജിത്ത് (28) ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

കൂടെ ഉണ്ടായിരുന്ന ആള്‍ (ക്ലീനര്‍) ഉദയനാപുരം സ്വദേശി അഭിലാഷിനെ ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.10 ഓടെയായിരുന്നു സംഭവം. തലയോലപ്പറമ്പില്‍ സ്വകാര്യ കമ്പനിയിലെ ജോലിക്കാരായിരുന്ന ഇരുവരും കമ്ബനി ആവശ്യത്തിനായി പന്തന്തളം ഭാഗത്തേക്ക് പോകുകയായിരുന്നു. മുളക്കുഴ പഞ്ചായത്ത് പടിക്കു സമീപം ഇവരുടെ വാഹനം നിര്‍ത്തിയിട്ടശേഷം സമീപത്തുനിന്ന ആളിനോട് വഴി ചോദിച്ചു മനസിലാക്കുന്നതിനിടയിലാണ് അപകടം നടന്നത്. നെയ്യാറ്റിന്‍കര നിന്നും മൂന്നാറിലേയ്ക്ക് പോയ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് മറ്റൊരു വാഹനത്തെ മറികടന്നാണ് പിക് അപ്പ് വാനില്‍ വന്നിടിച്ചത്.

അപകടത്തില്‍ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബസ്സ്‌അമിത വേഗതയില്‍ ആണ് ഓടിച്ചിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. ബസ്സിലുണ്ടായിരുന്ന 20 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മുളക്കുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ട്രാഫിക്ക് പൊലീസ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി. ബസ് ഡ്രൈവര്‍ അജിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *