KOYILANDY DIARY.COM

The Perfect News Portal

പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുന്നവരോട് അച്ഛന്റെ പേര് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് അധികൃതര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

ഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുന്നവരോട് അച്ഛന്റെ പേര് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് അധികൃതര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പാസ്പോര്‍ട്ടില്‍ അച്ഛന്റെ പേര് രേഖപ്പെടുത്താതെ പാസ്പോര്‍ട്ട് അനുവദിക്കില്ലെന്ന നിലപാട് ശരിയല്ല. നിയമപരമായി അത്തരത്തിലൊരു നിര്‍ബന്ധത്തിന്റേയോ കടുംപിടുത്തത്തിന്റേയോ ആവശ്യമില്ലെന്നും ജസ്റ്റിസ് സഞ്ചീവ് സച്ദേവ് പറഞ്ഞു. മേയില്‍ പുറപ്പെടുവിച്ച ഒരു ഹര്‍ജിയിലെ ഉത്തരവ് ഉദ്ധരിച്ചാണ് ജസ്റ്റിസ് സച്ദേവ് കോടതിയില്‍ ഇക്കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചത്.

അച്ഛന്റെ പേര് രേഖപ്പെടുത്താതെ പാസ്പോര്‍ട്ട് നല്‍കില്ലെന്ന് പറഞ്ഞ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിനെതിരെ പരാതി നല്‍കിയ യുവതിക്ക് ഈ ഉത്തരവ് പ്രകാരം പാസ്പോര്‍ട്ട് അനുവദിക്കാനും കോടതി അന്ന് ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ പുതിയൊരു പരാതി കൂടി കോടതിയിലെത്തിയതോടെ ആണ് പഴയ ഉത്തരവ് ഉദ്ധരിച്ച്‌ കോടതി വിശദീകരണം നടത്തിയത്.

പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കിയ യുവാവിനോട് അച്ഛന്റെ പേര് രേഖപ്പെടുത്താതെ പാസ്പോര്‍ട്ട് പുതുക്കാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. അപേക്ഷ തള്ളുകയും ചെയ്തു. 2017 വരെ പ്രാബല്യമുണ്ടായിരുന്ന പാസ്പോര്‍ട്ടും അധികൃതര്‍ റദ്ദ് ചെയ്തു. ഇതിനെതിരെയാണ് യുവാവ് കോടതിയെ സമീപിച്ചത്. അച്ഛനില്‍ നിന്നും അമ്മ വിവാഹമോചനം നേടിയെന്നും തന്നേയും അമ്മയേയും ഉപേക്ഷിച്ചു പോയ വ്യക്തിയുടെ പേര് പാസ്പോര്‍ട്ടില്‍ തനിക്ക് ആവശ്യമില്ലെന്നും യുവാവ് കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ അച്ഛന്റെ പേര് രേഖപ്പെടുത്താതെ പാസ്പോര്‍ട്ട് അനുവദിക്കില്ലെന്നായിരുന്നു പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നുള്ള അറിയിപ്പ്. അച്ഛന്റെ പേര് രേഖപ്പെടുത്താതെ കമ്ബ്യൂട്ടര്‍ അപേക്ഷ അംഗീകരിക്കില്ലെന്ന തരത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നതെന്ന പാസ്പോര്‍ട്ട് അധികൃതരുടെ വാദം തള്ളിയ ഡല്‍ഹി ഹൈക്കോടതി സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യാനും ഉപദേശിച്ചു. മൂന്നാഴ്ചക്കുള്ളില്‍ യുവാവിന് പാസ്പോര്‍ട്ട് പുതുക്കി നല്‍കാനും കോടതി ഉത്തരവിട്ടു.

Advertisements
Share news