പാലായില്‍ വോട്ടെടുപ്പ് തുടരുന്നു: പോളിങ് ശതമാനം കഴിഞ്ഞതവണത്തേതില്‍ നിന്ന് കൂടുമെന്ന് സ്ഥാനാര്‍ഥികള്‍

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ 31 ശതമാനം പേര്‍ വോട്ട് ചെയ്‌തു. ഭേദപ്പെട്ട പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്. ബൂത്തുകള്‍ക്ക് മുന്നില്‍ പലയിടത്തും വോട്ടര്‍മാരുടെ നീണ്ടനിര. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. പോളിങ് ശതമാനം കഴിഞ്ഞതവണത്തേതില്‍ നിന്ന് കൂടുമെന്ന് സ്ഥാനാര്‍ഥികള്‍ പ്രതികരിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി. സി. കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്‌നിക്ക് കോളേജിലെ 119-ാം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. ഭാര്യ ആലീസ്, മക്കളായ ടീന, ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.
പാലായില്‍ എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് മാണി. സി. കാപ്പന്‍ പറഞ്ഞു. കെ. എം. മാണിക്ക് ശേഷം പാലായെ മറ്റൊരു മാണി നയിക്കുമെന്നും വോട്ടെണ്ണല്‍ ദിവസവും ഇതേ സന്തോഷത്തോടെ പ്രതികരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു.

176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാര്‍മാരാണുള്ളത്. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതകളും. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ‌് മെഷീന്‍ ഉപയോഗിക്കുന്നുണ്ട‌്. വോട്ടിങ‌് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഞായറാഴ‌്ച വിതരണം ചെയ‌്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പനും യുഡിഎഫ് സ്വതന്ത്രനായി ജോസ് ടോമും എന്‍ഡിഎയില്‍ നിന്ന് എന്‍ ഹരിയും ജനവിധി തേടുന്നു.

