പാമ്പിന്റെ ഇരപിടുത്തം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് നേരെ മൂര്‍ഖന്‍ ചീറിയടുത്തു

കൂത്താട്ടുകുളം: പാമ്പിന്റെ ഇരപിടുത്തം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് നേരെ മൂര്‍ഖന്‍ ചീറിയടുത്തു. എലിയുമായുള്ള തന്റെ പോരാട്ടത്തിന്റെ ചിത്രങ്ങളെടുത്തവര്‍ക്ക് മുന്നില്‍ ഒരുമണിക്കൂറിലധികം സമയം മൂര്‍ഖന്‍ പത്തിവിടര്‍ത്തിയാടി .
ബുധനാഴ്ച രാത്രി കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രത്തിനു സമീപമുള്ള എന്‍.എസ്.എസ്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പി. ഓഫീസിനു മുന്നിലാണ് വലിയ മൂര്‍ഖന്‍ പാമ്ബ് പത്തി വിടര്‍ത്തിയാടിയത്. ഓഫീസ് കെട്ടിടത്തിനോട് ചേര്‍ന്നുള്ള കിണറിനടുത്ത് എലിയുമായുള്ള പോരാട്ടത്തിലായിരുന്നു മൂര്‍ഖന്‍. ഇവരുടെ പോരാട്ടം ബി.ജെ.പി. ഓഫീസിനുള്ളിലുണ്ടായിരുന്ന പ്രവര്‍ത്തകരില്‍ ചിലര്‍ കണ്ടു. അവര്‍ ഈ രംഗങ്ങള്‍ മൊബൈല്‍ ക്യാമറകളിലേക്ക് പകര്‍ത്തി.

ക്യാമറയുടെ ഫ്ളാഷുകള്‍ തെരുതെരെ തെളിഞ്ഞപ്പോള്‍ മൂര്‍ഖന്‍ അവര്‍ക്ക് നേരെ പത്തിവിടര്‍ത്തി ചീറ്റി. മൂര്‍ഖന്‍ പത്തി വിടര്‍ത്തുന്ന പുതിയ രംഗങ്ങളും പ്രവര്‍ത്തകര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഫ്ളാഷുകള്‍ മിന്നിച്ചു. ഇതോടെ മൂര്‍ഖന്‍ ഇവര്‍ക്കുനേരെ ചീറിയടുത്തു. മുറിക്കുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ കതകടച്ചു. കതകിനു മുന്നില്‍ കൂട്ടിയിട്ടിരുന്ന ചെരുപ്പുകളില് ചുറ്റി മൂര്‍ഖന്‍ പത്തി വിടര്‍ത്തി നിലയുറപ്പിച്ചു. ഇതിനിടയില്‍ എലി ജീവനും കൊണ്ട് രക്ഷപെട്ടു.

