പാചക വാതക സബ്സിഡി എടുത്തുകളയാനുള്ള തീരുമാനം പിൻവലിക്കണം: വി. എസ്.
തിരുവനന്തപുരം: പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തു കളയാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധന ങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇരുട്ടടിയാണ് പാചക വാതക സബ്സിഡിഇല്ലാതാക്കാനുളള തീരുമാനം.
ഓരോ ദിവസവും മോഡി സര്‍ക്കാര്‍ ഓരോ ജനവിരുദ്ധ നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നോട്ടുനിരോധനവും ആലോചനയില്ലാതെ നടപ്പാക്കിയ ജി എസ് ടി യും ആധാര്‍ -പാന്‍കാര്‍ഡ് ബന്ധിപ്പിക്കലുമൊക്കെ കൂടി സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി മാറിയിരിക്കുമ്പോഴാണ് വീണ്ടും ജനങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളിയിട്ടുകൊണ്ട് പാചക വാതക സബ്സിഡി ഇല്ലാതാക്കുന്നത്.

അംബാനിമാര്‍ക്കും, അദാനിമാര്‍ക്കും ആയിരക്കണക്കിന് കോടിയുടെ സൌജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതിനിടയിലാണ് മോഡി പാവപ്പെട്ടവന്റെ അടുപ്പില്‍ വെള്ളം കോരിയൊഴിക്കുന്നത്. രാജ്യങ്ങളായ രാജ്യങ്ങള്‍ മുഴുവന്‍ ചുറ്റിയടിച്ചു നടക്കുന്ന നരേന്ദ്രമോദിക്ക് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിത ക്ളേശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മോഡിയെയും, ബി ജെ പി സര്‍ക്കാരിനെയും തൂത്തെറിഞ്ഞുകൊണ്ടല്ലാതെ രക്ഷ ലഭിക്കാന്‍ പോകുന്നില്ലെന്നും വി.എസ് പറഞ്ഞു.

