KOYILANDY DIARY.COM

The Perfect News Portal

പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ എം ദേശ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും : യെച്ചൂരി

തിരുവനന്തപുരം > നോട്ട് അസാധുവാക്കലിലെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ എം ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. നോട്ട് അസാധുവാക്കലിന് നിശ്ചയിച്ച സമയ പരിധി ഡിസമ്പര്‍ 30 ന് അവസാനിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച നിക്ഷേപം അടിയന്തിരമായും പിന്‍വലിക്കണമെന്നും മൂന്ന് ദിവസമായി തലസ്ഥാനത്ത് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വീശദീകരിക്കാന്‍  വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടു.
നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമെന്നത് ഉള്‍പ്പെടെയുള്ള പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രഷോഭം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ദൈനംദിന കാര്‍ഷിക വൃത്തികള്‍ തടസ്സപ്പെട്ടതിനാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളണം. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ദിനം ഇരട്ടിപ്പിച്ച് നല്‍കണം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ക്യൂവില്‍ നിന്നും മറ്റും മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണം.
തൊഴിലും ജീവിത വൃത്തിയും നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കുമെല്ലാം അടിയന്തിര ധനസഹായം നല്‍കണം. പണമിടപാട് നടത്താനാകാതെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് അനുവദിക്കണം.
രാജ്യത്തെ സഹകരണ മേഖലയില്‍ അടിച്ചേല്‍പിച്ച നിയന്ത്രണം ഉപേക്ഷിക്കണം. ഏതെങ്കിലും സഹകരണ സ്ഥാപനം ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കണം. അതിന് പകരം രാജ്യത്തിന്റെ ഗ്രാമീണമേഖലയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കരുത്.
വരുമാനം ഇടിഞ്ഞ സംസ്ഥാനങ്ങള്‍ക്ക് അതില്‍ നിന്നും കരകയറാന്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണം. ഡിജിറ്റല്‍ പണം കൈമാറ്റം മാത്രം നടത്തുന്നതിന് ജനങ്ങളെ നിര്‍ബന്ധിക്കരുത്. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പ് വരുത്തണം. റേഷന്‍ വാങ്ങുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയാല്‍ വളരെയേറെ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചും നോട്ട് അസാധുവാക്കലിന് പിന്നിലെ നവ ഉദാരവല്‍ക്കരണസാമ്പത്തിക പരിഷ്കാരങ്ങളുടെ യഥാര്‍ഥ അജണ്ട വ്യക്തമാക്കിയും ജനുവരി അവസാന വാരം ദേശീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വര്‍ഗബഹുജന സംഘടനകളുടെയായിരിക്കും ഈ പ്രചാരണപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക.
മറ്റ് ഇടതുപക്ഷ പാര്‍ട്ടികളുമായി യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്കും സിപിഐ എം മുന്‍കൈ എടുക്കും.  ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമെന്നും ഡിജിറ്റല്‍ കൈമാറ്റത്തിന് നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് മറ്റ് ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും യോജിച്ചുള്ള പ്രക്ഷോഭത്തില്‍ സഹകരിക്കാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി യെച്ചൂരി അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *